ശബരിമല സ്വർണക്കൊള്ളക്കേസ്: വി.എസ്.എസ്.സി റിപ്പോർട്ട് തുടർഗതി നിർണയിക്കും,​ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും

Sunday 18 January 2026 12:00 AM IST

തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോഴുള്ള സ്വർണപ്പാളികൾ ഒറിജിനലാണോ എന്നതടക്കം വ്യക്തമാക്കുന്ന അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി. സ്വർണക്കൊള്ളക്കേസിന്റെ ഇനിയുള്ള ഗതി നിർണയിക്കുന്ന റിപ്പോർട്ടാണിത്. വി.എസ്.എസ്.സി ലാബിലാണ് പരിശോധന നടത്തിയത്. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ജഡ്ജി ഡോ.സി.എസ്. മോഹിത് പൊട്ടിക്കുക പോലും ചെയ്യാതെ എസ്.ഐ.ടിക്ക് കൈമാറുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ റിപ്പോർട്ട് അതേപടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന് നൽകി. വെങ്കിടേഷ് അത് പരിശോധിച്ച് അതിലെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി. നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക.

ശബരിമലയിലുള്ളത് പുതിയ പാളികളാണെന്ന് റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെങ്കിൽ അന്വേഷണത്തിൽ നിർണായകമാവും. അങ്ങനെയെങ്കിൽ ഒറിജിനൽ ശില്പപാളികളും കട്ടിളയുമൊക്കെ കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണ്ടിവരും. സി.ബി.ഐ അന്വേഷണത്തിനും സാദ്ധ്യതയേറും. കൊള്ളയടിച്ച സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്വർണപ്പാളികൾ കടത്തിയശേഷം പുതിയ അച്ചുണ്ടാക്കി അതിൽ പുതിയ പാളികൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശി തിരിച്ചെത്തിച്ചതാണോയെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. രാജ്യാന്തര പുരാവസ്തു കള്ളക്കടത്തു നടത്തുന്ന ‘സുഭാഷ് കപൂർ മാതൃക’യിലുള്ള തട്ടിപ്പിന്റെ സാദ്ധ്യതകൾ അന്വേഷിക്കാൻ ഹൈക്കോടതിയും എസ്.ഐ.ടിയോട് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ശാസ്ത്രീയ പരിശോധന നടത്താൻ വി.എസ്.എസ്.സിയെ ചുമതലപ്പെടുത്തിയത്.

പരിശോധിച്ചത്

15 സാമ്പിളുകൾ

1.പതിനഞ്ച് സാമ്പിളുകളാണ് വി.എസ്.എസ്.സി പരിശോധിച്ചത്. മുഖ്യമായും പാളികളുടെ കാലപ്പഴക്കമാണ് വിലയിരുത്തിയത്

2.അവയിലെ സ്വർണത്തിന്റെ അളവും തിട്ടപ്പെടുത്തിയിട്ടുണ്ട്. എത്രത്തോളം സ്വർണം നഷ്ടമായി എന്നറിയുന്നതിൽ പരിശോധന ഫലം നിർണായകം

സത്യാവസ്ഥ വെളിപ്പെടും

42.1കിലോ ശില്പപാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതമുപയോഗിച്ച് സ്വർണം വേർതിരിച്ച് കട്ടയാക്കിയെന്നാണ് എസ്.ഐ.ടി കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. ഇതിന്റെ സത്യാവസ്ഥ വി.എസ്.എസ്.സിയുടെ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാവും.