നിയമസഭ സീറ്റ് വിഭജനം; ഘടക കക്ഷികളുടെ ഉടക്കിൽ ഉലഞ്ഞ് ഇടതും വലതും

Sunday 18 January 2026 12:32 AM IST

കോഴിക്കോട്: ജില്ലയിലെ നിയമസഭ സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമാകാതെ എൽ.ഡി.എഫും യു.ഡി.എഫും. സി.പി.എം, കോൺഗ്രസ് സീറ്റുകളിൽ ഏതാണ്ട് ധാരണയായെങ്കിലും ഘടകകക്ഷികളുടെ ആവശ്യമാണ് ഇരു പാർട്ടികൾക്കും കീറാമുട്ടിയാവുന്നത്. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി നിർണയം നടത്താമെന്നായിരുന്നു കെ.പി.സി.സിയുടെ കണക്കുകൂട്ടൽ. എന്നാൽ ചില സീറ്റുകളിൽ ഘടകകക്ഷികൾ ഉടക്കിയതോടെ സീറ്റ് ധാരണ നീളുകയാണ്. തിരുവമ്പാടി സീറ്റിനെ ചൊല്ലിയാണ് പ്രധാനമായും യു.ഡി.എഫിലെ തർക്കം. നിലവിൽ മുസ്ലിംലീഗ് മത്സരിക്കുന്ന സീറ്റിന് വേണ്ടി കോൺഗ്രസ് ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. സീറ്റ് വിട്ടുതരാനാകില്ലെന്ന നിലപാടിലായിരുന്ന ലീഗ്, കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ തിരുവമ്പാടിയിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് സൂചന. ക്രൈസ്തവ വിഭാഗത്തിന് നിർണായക ശക്തിയുള്ള മണ്ഡലത്തിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചന. തിരുവമ്പാടി സീറ്റിന് വേണ്ടി സി.എം.പിയും പിടിമുറുക്കിയിട്ടുണ്ട്. സി.പി ജോണിനെ മത്സരിപ്പിക്കണമെന്നാണ് പാർട്ടി യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പേരാമ്പ്ര സീറ്റിൽ കോൺഗ്രസിന് താത്പര്യമുണ്ടെങ്കിലും നാദാപുരം വിട്ടുകൊടുക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ലീഗ്.

 പേരാമ്പ്രയോ കുറ്റ്യാടിയോ

വേണമെന്ന് മാണി കോൺ.

എൽ.ഡി.എഫിൽ തുടരുമെന്ന് കേരള കോൺഗ്രസ് എം ഉറപ്പിച്ചതോടെ കഴിഞ്ഞ തവണ നഷ്ടപ്പെട്ട പേരാമ്പ്ര സീറ്റ് സി.പി.എം വിട്ടുതരണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. എന്നാൽ പേരാമ്പ്ര വിട്ടുനൽകാൻ സി.പി.എമ്മിന് താത്പര്യമില്ല. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്നെങ്കിലും പരസ്യ പ്രതിഷേധത്തെ തുടർന്ന് സി.പി.എം തിരികെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റിയിൽ സി.പി.എമ്മിനെതിരെ മലബാറിൽ നിന്നുള്ള പ്രതിനിധികൾ ആഞ്ഞടിച്ചിരുന്നു. പേരാമ്പ്ര സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണിയിൽ തുടരേണ്ട കാര്യമില്ലെന്നാണ് കോഴിക്കോട് ജില്ലയിലെ പ്രധാന നേതാക്കളുടെ നിലപാട്. ടി.പി രാമകൃഷ്ണൻ മത്സരിക്കുന്നില്ലെങ്കിൽ സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദ ഫലമായി പേരാമ്പ്ര കേരള കോൺഗ്രസ് എമ്മിന് സി.പി.എം വിട്ടുനൽകാനും സാദ്ധ്യതയുണ്ട്. അങ്ങനൊരു തീരുമാനം വന്നാൽ അണികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. എലത്തൂർ സീറ്റ് ഏറ്റെടുക്കാൻ സി.പി.എമ്മിന് താത്പര്യമുണ്ടെങ്കിലും എൻ.സി.പി തയ്യാറല്ല. കുന്ദമംഗലത്ത് നിന്ന് പി.ടി.എ റഹീമിനെ കൊടുവള്ളിയിലെത്തിക്കാനും കുന്ദമംഗലത്ത് എൻ.സി.പി നേതാവ് മുക്കം മുഹമ്മദിനെ മത്സരിപ്പിക്കാനും സി.പി.എം ശ്രമം നടത്തിയിരുന്നെങ്കിലും ശശീന്ദ്രൻ വിഭാഗം ശക്തമായി എതിർത്തു. വടകര ഒഴിവാക്കി എലത്തൂരിൽ മത്സരിക്കാൻ ആർ.ജെ.ഡിക്ക് ആഗ്രഹമുണ്ടെങ്കിലും അതത്ര എളുപ്പമല്ല.

 യു.ഡി.എഫ് ഘടക കക്ഷികൾ

മത്സരിക്കുന്ന സീറ്റുകൾ

വടകര- ആർ.എം.പി

കുറ്റ്യാടി- മുസ്ലിംലീഗ്

പേരാമ്പ്ര- മുസ്ലിംലീഗ്

കൊടുവള്ളി- മുസ്ലിംലീഗ്

കുന്ദമംഗലം- ലീഗ് സ്വതന്ത്രൻ

കോഴിക്കോട് സൗത്ത്- മുസ്ലിംലീഗ്

ബേപ്പൂർ- പി.വി അൻവർ

എൽ.ഡി.എഫ് ഘടക കക്ഷികൾ

മത്സരിക്കുന്ന സീറ്റുകൾ

വടകര- ആർ.ജെ.ഡി

നാദാപുരം- സി.പി.ഐ

പേരാമ്പ്ര- കേരള കോൺഗ്രസ് (എം)

എലത്തൂർ- എൻ.സി.പി

കൊടുവള്ളി- സ്വതന്ത്രൻ

കുന്ദമംഗലം- നാഷണൽ സെക്യുലർ കോൺഫറൻസ്

കോഴിക്കോട് സൗത്ത്- ഐ.എൻ.എൽ