ശബരിമല തീർത്ഥാടനത്തിന് ഫെസ്റ്റിവൽ മാന്വൽ, ബഡ്ജറ്റ് , നടത്തിപ്പ് അടിമുടി മാറുമെന്ന് ജയകുമാർ

Sunday 18 January 2026 12:00 AM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ നടത്തിപ്പ് അടിമുടി പരിഷ്കരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. മുൻകൂട്ടി ഫെസ്റ്റിവൽ ബഡ്ജറ്റും ഫെസ്റ്റിവൽ മാന്വലും തയ്യാറാക്കിയാകും ഇനിമുതൽ തീർത്ഥാടനം. തിരുവനന്തപുരം ഐ.എം.ജി ഫെസ്റ്റിവൽ മാനേജ്മെന്റ് മാന്വൽ തയ്യാറാക്കും. അടുത്ത മാസം മുതൽ അടുത്ത തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഫെബ്രുവരി ആറിനു ഇതിനായി യോഗം വിളിച്ചിട്ടുണ്ട്.

അവലോകനം, ആസൂത്രണം എന്ന രീതിയിൽ യോഗങ്ങൾ തുടരും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയ്റ്റ് ലൈനിൽ വ്യക്തമാക്കിയതാണിത്. ഫെബ്രുവരി മുതൽ ഒക്ടോബർ 31വരെയുളള ഒൻപതു മാസക്കാലം അടുത്ത തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ നടത്തും. തീർത്ഥാടനത്തിന് പണം വിനിയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാകുമെന്ന് ജയകുമാർ പറഞ്ഞു.

എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്ന തുക മുൻകൂട്ടി അനുവദിച്ച ശേഷമാണ് നിലവിൽ തീർത്ഥാടനം നടത്തുന്നത്. തീർത്ഥാടനം കഴിഞ്ഞാണ് കണക്ക് ലഭിക്കുന്നത്. കണക്ക് വൈകുന്തോറും ഓഡിറ്റ് വൈകും. ഇതുകാരണം ബോർഡിന് ഹൈക്കോടതിയുടെ ശാസനയേൽക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് ഫെസ്റ്റിവൽ ബഡ്ജറ്റ്.

ടോയ്ലറ്റ് സൗജന്യമാക്കും

ശബരിമലയിലെ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കുന്നത് നിറുത്തലാക്കും. ടോയ്ലറ്റുകളുടെ ഇപ്പോഴത്തെ നിലവാരത്തിൽ ദേവസ്വം ബോർഡിന് തൃപ്തിയില്ല. ടോയ്ലറ്റ് ലേലം ചെയ്തു കൊടുക്കുന്നതിനാൽ ഭക്തരെ ചൂഷണം ചെയ്യുന്നുണ്ട്. പത്തുരൂപ ഫീസിന് നൂറ് കൊടുത്താൽ ബാക്കി നൽകാത്ത സംഭവങ്ങളുണ്ട്. ടോയ്ലറ്റുകൾ വൃത്തിയുള്ളതാക്കും. അതിൽ നിന്ന് ലാഭം ഉണ്ടാക്കില്ല. സൗജന്യമായിരിക്കും.

ഇടനിലക്കാർ വേണ്ട

ശബരിമലയിൽ പദ്ധതികൾ നടപ്പാക്കാൻ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിന് മാനദണ്ഡം ഏർപ്പെടുത്തും. മേൽവിലാസം ഉള്ളതും ആദായനികുതി അടയ്ക്കുന്നതുമായ സ്പോൺസർമാരുമായി നേരിട്ട് ധാരണാപത്രമുണ്ടാക്കും. മരിച്ചുപാേയ ഡോണർമാരുടെ ഇടനിലക്കാരായവർ പകരം ഡോണറായി അവതരിക്കുന്നുണ്ട്. ഇവരെ ഒഴിവാക്കും. ഇടനിലയും ശുപാർശയുമില്ലാതെ സാധാരണ ഭക്തർക്കും മുറികൾ അനുവദിക്കും. മകരവിളക്ക് ദിവസങ്ങളിൽ മുൻപ് മുറികൾ ബുക്ക് ചെയ്തിരുന്ന ഇടനിലക്കാർ ഒന്നരലക്ഷം രൂപയ്ക്കുവരെ മറിച്ചുവിറ്റിട്ടുണ്ട്. 2500- 3000രൂപയ്ക്ക് ഇടയ്ക്കാണ് ബോർഡിന്റെ തുക. ഇത്തവണ 125 മുറികൾ ബോർഡ് നേരിട്ട് ഓൺലൈനായി നൽകി. സാധാരണ ഭക്തർക്കും മുറികൾ ലഭിച്ചു.

ബോർഡ് യോഗത്തിൽ

പരമാവധി 30 അജണ്ട

ഒരു ബോർഡ് യോഗത്തിൽ പരമാവധി 30 അജണ്ടകൾ മാത്രം ചർച്ച ചെയ്യും. നേരത്തെ 80-90 വിഷയങ്ങൾ അജണ്ടയായിരുന്നു. പ്രസിഡന്റിന്റെ പരിശോധനയ്ക്കു ശേഷമേ അജണ്ടകൾ ബോർഡിന് മുന്നിൽ വയ്ക്കൂ. തീരുമാനങ്ങളിൽ ബോർഡിന് സമ്പൂർണ ഉത്തരവാദിത്വമുണ്ടാകും.

1.വിരി വയ്ക്കുന്നതിന് അടുത്ത സീസൺ മുതൽ കൂടുതൽ സൗകര്യം

2.തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ അറിയിപ്പ്

3.പായസ സദ്യ വിജയം, ദിവസം 6000 ഭക്തർ സദ്യയുണ്ടു

''ദേവസ്വം ബോർഡ് മാത്രം വിചാരിച്ചാൽ തീർത്ഥാടനം നടത്താൻ കഴിയില്ല. സർക്കാരിന്റെ നല്ല പിന്തുണയും സഹായവും ലഭിക്കുന്നു

-കെ.ജയകുമാർ,

ദേവസ്വം ബോർഡ് പ്രസിഡന്റ്