പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ മന്ത്രി ഇടപെട്ടെന്ന് ചെന്നിത്തല, പച്ചക്കള്ളമാണെന്ന് കെ.ടി ജലീൽ

Monday 14 October 2019 11:58 AM IST

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അദാലത്തിലൂടെ മാർക്ക് കൂട്ടിനൽകി പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കുകയാണ് മന്ത്രി കെ.ടി ജലീലെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച് കെ.ടി ജലീൽ ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം ഉന്നയിച്ചത്.

എം.ജി.സർവകലാശാലയിലെ എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് അദാലത്തിലൂടെ മാർക്ക് കൂട്ടി നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് സർവകലാശാല അധികൃതർ തള്ളിയപ്പോൾ വിഷയം സിൻഡിക്കേറ്റിൽ അവതരിപ്പിച്ചു. ഔട്ട് ഓഫ് അജൻഡയായാണ് വിഷയം അവതരിപ്പിച്ചത്. തുടർന്ന് ഒരുവിഷയത്തിൽ തോറ്റ എല്ലാവർക്കും മോഡറേഷന് പുറമേ അഞ്ച് മാർക്ക് കൂട്ടിനൽകാനായിരുന്നു സിൻഡിക്കേറ്റിന്റെ തീരുമാനം. ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നിൽ. പക്ഷേ, ഒരിക്കലും ഇങ്ങനെ മാർക്ക് കൂട്ടിനൽകാൻ അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെയും സിൻഡിക്കേറ്റിന്റെയും നടപടി പരീക്ഷയുടെ വിശ്വാസ്യത പൂർണമായും തകർത്തു.ചട്ടങ്ങൾ മറികടന്നുള്ള വിചിത്രമായ നടപടി പഠിച്ചു ജയിക്കുന്നവരെ അപഹാസ്യരാക്കുന്നതിന് തുല്യമാണെന്നും സർവകലാശാലയുടെ മൂല്യവും വിശ്വാസ്യതയും നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതേസമയം, പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചു. സിൻഡിക്കേറ്റ് തീരുമാനങ്ങൾക്ക് ഉത്തരവാദി വി.സിയാണെന്നും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവ് പുറത്തുവിടണമെന്നും മന്ത്രി വ്യക്തമാക്കി.