ബലാത്സംഗക്കുറ്റം നിലനിൽക്കും: രാഹുൽ മാങ്കൂ‌ട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

Sunday 18 January 2026 12:00 AM IST

തിരുവല്ല: പീഡനക്കേസിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ജഡ്ജി അരുന്ധതി ദിലീപ് ജാമ്യം നിഷേധിച്ചത്.

എം.എൽ.എയ്ക്കെതിരായ പരാതി ഗുരുതരമെന്നതടക്കം ചൂണ്ടിക്കാട്ടിയുള്ള കോടതി വിധി രാഹുലിന് കനത്ത പ്രഹരമായി. മുമ്പും സമാനമായ കുറ്റകൃത്യത്തിൽ പ്രതി ഏർപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ലെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. ദേവി ഹാജരായി.

അതേസമയം ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ അഭിലാഷ് ചന്ദ്രൻ അറിയിച്ചു. തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ കോടതിയിലാണ് ഹർജി നൽകുക.

ജാമ്യം നിഷേധിച്ചതോടെ ഒരാഴ്ചയായി രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിലും ജയിലിലുമായി തുടരുകയാണ്.