മുത്തങ്ങ ഭൂസമരം: സി.കെ.ജാനു പ്രതിയായ കേസ് വിചാരണയ്ക്ക് സ്റ്റേ
കൽപ്പറ്റ: 2003ൽ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട് കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.കെ.ജാനുവിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയാണ് സ്റ്റേ ചെയ്തത്. ജാനു ഉൾപ്പെടെ 74 പ്രതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേർ മരിച്ചു.
മുത്തങ്ങ വനത്തിൽ നിന്ന് കുടിയൊഴിപ്പിച്ച ആദിവാസികളുടെ പുനരധിവാസത്തിനും കേസുകളുടെ നടത്തിപ്പിനും രൂപീകരിച്ച സമിതിക്കുവേണ്ടി എം.ഗീതാനന്ദൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ. കേസിൽ രണ്ടു പേർ ഒഴികെയുള്ളവരുടെ പേരിൽ കൃത്യമായ കുറ്റങ്ങൾ ചാർത്തിയിട്ടില്ല, ജാനുവിനെതിരേ ഗൂഢാലോചനയ്ക്ക് തെളിവുകൾ ഹാജരാക്കിയിട്ടില്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗീതാനന്ദന്റെ ഹർജി. കൊച്ചി നിയമ കേന്ദ്രത്തിലെ അഡ്വ.കെ.എസ്.മധുസൂദനനാണ് ഹർജിക്കാരനുവേണ്ടി ഹാജരായത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആറ് എഫ്.ഐ.ആറാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇവ മൂന്ന് കേസുകളാക്കിയാണ് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചത്. ഇപ്പോൾ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത് ഒഴികെയുളള രണ്ട് കേസുകളിൽ എം.ഗീതാനനന്ദനാണ് ഒന്നാം പ്രതി. 2003 ഫെബ്രുവരി 19ന് പൊലീസുകാരൻ കെ.വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഇതിലൊന്ന്. കൽപ്പറ്റ സെഷൻസ് കോടതിയിൽ വിചാരണ അവസാനിക്കാറായ കേസിൽ ജി.അശോകൻ ഉൾപ്പെടെ 25 പ്രതികൾ ഇതിനകം മരിച്ചു. 2003 ഫെബ്രുവരി 17ന് മുത്തങ്ങ വനത്തിലുണ്ടായ തീപിടിത്തവും വനം ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ എറണാകുളം സി.ജെ.എം കോടതിയിൽ തുടരുകയാണ്.