വിജിലൻസിന്റെ ഓപ്പറേഷൻ 'ഷോർട്ട് സർക്യൂട്ട്', അഴിമതി ഷോക്കിൽ കെ.എസ്.ഇ.ബി 

Sunday 18 January 2026 12:38 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ടെൻഡറുകളിലും കരാർ പ്രവൃത്തികളിലും വാഹനഉപയോഗത്തിലുമടക്കം അടിമുടി അഴിമതി. ഗൂഗിൾ പേയിലൂടെ ലക്ഷങ്ങളുടെ കോഴയിടപാട്. കരാറുകാർ ഉദ്യോഗസ്ഥരുടെ ബിനാമികൾ. പരിശോധനയില്ലാതെ ബില്ലുകൾ മാറിനൽകും.

70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ ഓപ്പറേഷൻ 'ഷോർട്ട് സർക്യൂട്ട്" എന്നപേരിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിലാണ് വൻക്രമക്കേടുകൾ വെളിച്ചത്തായത്. വിജിലൻസ് കേസെടുക്കും. വകുപ്പുതല നടപടി ശുപാർശ ചെയ്യും. 41ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്ന് 16.5ലക്ഷം രൂപ ഗൂഗിൾപേയിലൂടെ കൈക്കൂലി വാങ്ങി.

വലിയ പ്രവൃത്തികളുടെ ഇ- ടെൻഡർ ഒഴിവാക്കാൻ ചെറിയതുകയ്ക്കുള്ളതാക്കി വിഭജിക്കും. വർഷങ്ങളായി ഒരേ കരാറുകാർക്കാണ് പണികൾ നൽകുന്നത്. കരാർ വാഹനങ്ങളും ദുരുപയോഗം ചെയ്യുന്നു. മിക്കയിടത്തും കരാർ പണികളുടെ രേഖകൾ കൃത്യമല്ല. സ്‌ക്രാപ്പ് രജിസ്​റ്റർ, ലോഗ് ബുക്ക്, വർക്ക് രജിസ്​റ്റർ എന്നിവയും കൃത്യമല്ല. പണികൾ തീർന്നശേഷം സ്ക്രാപ്പ് സാമഗ്രികൾ സൂക്ഷിക്കുന്നില്ല.

എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിലല്ല പണികളേറെയും. എർത്ത് പൈപ്പുകൾ വേണ്ട അളവിൽ ഉപയോഗിച്ചിട്ടില്ല. മെ​റ്റൽ പോസ്​റ്റുകളിലെ മഫിംഗ് ചെയ്യാറില്ല. എന്നിട്ടും പണം അനുവദിച്ചു. തൃപ്പൂണിത്തുറയിൽ 12 ജോലികളുടെ കരാർ ഒരേ കരാറുകാരനാണ്.

പാലക്കാട് സുൽത്താൻപേട്ടിൽ ലൈസൻസില്ലാത്ത കരാറുകാരനും മകനുമാണ് പണികൾ ഏറ്റെടുത്തിരുന്നത്. പട്ടാമ്പി, ആലത്തൂർ, ചി​റ്റൂർ, പറളി എന്നിവിടങ്ങളിലും കരാറുകാർക്ക് ലൈസൻസില്ല.

മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, കൊണ്ടോട്ടി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 34,​000രൂപ പിടിച്ചെടുത്തു. കാസർകോട്ട് ഇ- ടെൻഡർ ഒഴിവാക്കുന്നതിന് പ്രവൃത്തിയുടെ ചെലവ് 5 ലക്ഷത്തിൽ താഴെയാക്കി കാട്ടി വിഭജിച്ച് പലകരാറുകളായി ഒരേ കരാറുകാരനു നൽകി. മാവുങ്കൽ സെക്ഷൻ ഓഫീസിൽ താത്കാലിക ജീവനക്കാരുടെ പേരിൽ കരാറുകൾ നൽകി.

ഗൂഗിൾ പേയിൽ കോഴയൊഴുക്ക്

( വാങ്ങിയ ഉദ്യോഗസ്ഥർ, തുക, സ്ഥലം)

#അസി. എൻജിനിയർമാർ

35,​000:

കുമളി

2,35,700: കട്ടപ്പന

42,​900:

പാലക്കാട്

സുൽത്താൻപേട്ട്

1.27 ലക്ഷം:

ചിറ്റൂർ

50,​800:

കൽപ്പറ്റ

64,000:

കൂത്തുപറമ്പ്

.......................................

സബ് എൻജിനിയർമാർ

55,200:

വർക്കല

38,​000:

പാറശാല

5,​000 വീതം:

രണ്ടുപേർ, അഞ്ചൽ

15,​000:

അടൂർ

16,​500:

ചേർത്തല

1.83 ലക്ഷം:

ചങ്ങനാശേരി

46,​500:

കുമളി

25,​000:

കട്ടപ്പന

47,​700:

കട്ടപ്പന

8000:

സുൽത്താൻപേട്ട്

5,​100:

സുൽത്താൻപേട്ട്

20,​000:

ചിറ്റൂർ

33,​000:

ബത്തേരി

4,​000:

ബത്തേരി

70,​500:

മഞ്ചേരി

(താത്കാലിക ജീവനക്കാരൻ

അയച്ചുകൊടുത്തത്)

..................

18,​550:

ഓവർസിയർ,

ചങ്ങനാശേരി

47,​600:

രണ്ടു ജീവനക്കാർ,

ചോറ്റാനിക്കര

88,​800:

താത്കാലിക ജീവനക്കാരൻ,

ചോറ്റാനിക്കര വാങ്ങിയത്

7,​800:

താത്കാലിക ജീവനക്കാരൻ,

ബത്തേരി

41,400:

പബ്ലിക്ക് റിലേഷൻ അസിസ്​റ്റന്റ്, കൽപ്പറ്റ

ദുരൂഹ കൈമാറ്റം

1.67 ലക്ഷം:

തിരുവല്ല ഓവർസിയർക്ക്

തൊട്ടടുത്ത് കടനടത്തുന്ന

വ്യക്തി കൈമാറിയത്

1.86 ലക്ഷം:

കട്ടപ്പനയിലെ ഉദ്യോഗസ്ഥർ

കരാറുകാർക്ക് അയച്ചത്.

(ബിനാമി ഇടപാടെന്ന് സംശയം)

 ക്രമക്കേടുകളും കൈക്കൂലിയും ഗൗരവമായി കാണും. അഴിമതിക്കാരുടെയും കുടുംബാംഗങ്ങളുടെയും കരാറുകാരുടെയും അക്കൗണ്ട് വിവരങ്ങളടക്കം ശേഖരിക്കും.

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി