അമ്മയ്ക്ക് ഔഷധമായി ഇഷികയുടെ വിജയം
തൃശൂർ: ഇഷിക കലോത്സവവേദിയിൽ നിറഞ്ഞാടുമ്പോൾ അമ്മ സന്ധ്യ സദസിലുണ്ടായിരുന്നില്ല. വേദിക്കു പിന്നിൽ നിറകണ്ണുകളോടെ കാത്തുനിൽക്കുകയായിരുന്നു. ക്യാൻസർ ബാധിതയാണ് സന്ധ്യ. മകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടണമെന്ന അമ്മയുടെ ആഗ്രഹം എ ഗ്രേഡിലൂടെ ഇഷിക സഫലമാക്കി.
നടനം കഴിഞ്ഞ് പുറത്തേക്കെത്തിയതും അമ്മ ഓടിയെത്തി. 'നന്നായി മോളേ..." എന്ന് പറയും മുമ്പെ ഇരുവരും വിങ്ങിപ്പൊട്ടി. തൊട്ടപ്പുറത്ത് അച്ഛൻ രതീഷ് കണ്ണീരടക്കാൻ പാടുപെട്ടു. ''നമ്മൾ കരയാൻ പാടില്ലമ്മേ... ഇപ്പോൾ ചിരിക്കണം... ചിരിച്ചുകൊണ്ട് ജീവിക്കണം."" എന്നുപറഞ്ഞ് അവൾ അമ്മയെ ആശ്വസിപ്പിച്ചു. അനുജത്തി ആഷിക കൂടി ചേർന്നതോടെ പുഞ്ചിരി വിടർന്നു.
മഹാരോഗത്തിന്റെ വിത്തുകൾ സന്ധ്യയിൽ നിന്ന് അടർന്നുപോകാൻ പോസിറ്റീവായിരിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. കരഞ്ഞത് സന്തോഷം കൊണ്ടാണെന്നാണ് സന്ധ്യ പറയുന്നത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഇഷികാ രതീഷ്.
എല്ലാം അമ്മയ്ക്കുവേണ്ടി മകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കണമെന്നത് സന്ധ്യയുടെ ആഗ്രഹമായിരുന്നു. കഴിഞ്ഞവർഷം അതിനുള്ള വഴി തെളിഞ്ഞപ്പോഴാണ് സന്ധ്യ രോഗബാധിതയായത്. കരളിനാണ് ക്യാൻസർ. മക്കളുടെ സന്തോഷത്തിലൂടെ രോഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ് സന്ധ്യ. 14 വർഷമായി നൃത്തം പഠിച്ചുവരികയാണ് ഇഷിക. പേയാട് അജയകുമാറാണ് ഗുരു. പേയാട് കെ.വി.നഗർ സന്ധ്യഭവനിൽ ആദ്യമായാണ് കലോത്സവ സമ്മാനമെത്തുന്നത്. അച്ഛൻ രതീഷ് അമൃത യൂണിവേഴ്‌സിറ്റിയിലെ അമൃത ക്രിയേറ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.