വെള്ളാപ്പള്ളിയെ പിന്തുണച്ച് ജി. സുകുമാരൻ നായർ
കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇത്രയും പ്രായമായ അദ്ദേഹത്തെപ്പോലെയൊരു സമുദായ നേതാവിനെ വിലകുറഞ്ഞ രീതിയിൽ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ഇരുസമുദായ സംഘടനകളും സഹകരിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്. എസ്.എൻ.ഡി.പിയുമായി എൻ.എസ്.എസ് ചർച്ചയ്ക്ക് തയ്യാറാണ്. എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തെകുറിച്ച് വെള്ളാപ്പള്ളി നടേശൻ ഇതുവരെ സംസാരിച്ചിട്ടില്ല. ആവശ്യം ഉന്നയിച്ചാൽ വെള്ളാപ്പള്ളിയുമായി ചർച്ചയ്ക്ക് എൻഎസ്.എസ് തയ്യാറാണ്. വർഷങ്ങൾക്കു മുൻപ് ഇരുസംഘടനകളും പല വിഷയങ്ങളിലും ഐക്യം ഉണ്ടാക്കിയിരുന്നു. മന്നം ജയന്തി സമ്മേളനത്തിൽ വരെ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തിട്ടുണ്ട്. ഈ ഐക്യം തകർത്തത് യു.ഡി.എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ അഭിപ്രായം പറയുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സമദൂര നിലപാട് തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.