ഹൃദയചികിത്സാ രംഗത്ത് ശ്രീചിത്ര നിർണായക സാന്നിദ്ധ്യം : ഡോ. സഞ്ജയ് ബെഹാരി

Sunday 18 January 2026 12:45 AM IST

തിരുവനന്തപുരം : രാജ്യത്തിന്റെ ഹൃദയ ചികിത്സാ രംഗത്ത് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി നിർണായ സാന്നിദ്ധ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി പറഞ്ഞു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ കാർഡിയോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ത്രിദിന ദേശീയ കാർഡിയോളജി സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്ലിനിക്കൽ മികവ്, ഗവേഷണം, നവീകരണം, രോഗികേന്ദ്രിത പരിചരണം എന്നിവ വഴി കൈവരിച്ച നേട്ടങ്ങളാണ് കാർഡിയോളജി വിഭാഗത്തിന്റെ അമ്പത് വർഷത്തെ അടയാളപ്പെടുത്തുന്നത്. രാജ്യത്തുടനീളവും വിദേശത്തുമായി സേവനമനുഷ്ഠിക്കുന്ന നിരവധി കാർഡിയോളജിസ്റ്റുകളെ ഇവിടെ നിന്ന് വളർത്തിയെടുക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഡിയോളജി മേഖലയുടെ വളർച്ചയിൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ സംഭാവനകൾ കാർഡിയോളജി വിഭാഗം മേധാവി ഡോ.എസ്.ഹരികൃഷ്ണൻ വിശദീകരിച്ചു.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഡയറക്ടർമാരായ ഡോ.അജിത് കുമാർ വി.കെ., ഡോ. ജഗൻ മോഹൻ തരകൻ, കാർഡിയോളജി വിഭാഗം മുൻ മേധാവിമാരായ ഡോ.കെ.ജി. ബാലകൃഷ്ണൻ, ഡോ.കെ.എം.കൃഷ്ണമൂർത്തി, പ്രൊഫസർ ഡോ. കെ.കെ.നാരായണൻ നമ്പൂതിരി, സീനിയർ പ്രൊഫസർ ഡോ. എസ്. ഹരികൃഷ്ണൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അലുമ്‌നി അവാർഡുകളും തീസിസ് അവാർഡുകളും നൽകി. കാർഡിയോളജി വിഭാഗത്തിന്റെ പ്രധാന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ഡൗൺ ദ മെമ്മറി ലെയിൻ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.