സായിയിലെ ആത്മഹത്യ, ഹോസ്റ്റൽ പരിസരത്തെ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
കൊല്ലം: കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ പരിസരത്തെ നിരീക്ഷണക്യാമറ ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. വീടുകളിലേക്ക് പോയ ഹോസ്റ്റൽ വിദ്യാർത്ഥികൾ മടങ്ങിയെത്തുമ്പോൾ വിവരങ്ങൾ ആരായും. വിദ്യാർത്ഥികളുടെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പറയുന്ന പൊലീസ് അതിലേക്ക് നയിച്ച കാരണം കണ്ടെത്താനാണ് ശ്രമിക്കുന്നത്.
ഹോസ്റ്റലിനോട് ചേർന്നുള്ള ലാൽ ബഹദൂർ സ്റ്റേഡിയം, സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ക്യാമറ ദൃശ്യങ്ങളാണ് ശേഖരിച്ചത്. വിദ്യാർത്ഥിനികളുടെ പോസ്റ്റ്മോർട്ടം നടത്തിയ പാരിപ്പള്ളി മെഡി. ആശുപത്രിയിലെ ഫോറൻസിക് വിദഗ്ദ്ധരുടെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും. കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ്.സി.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), ആറ്റിങ്ങൽ സ്വദേശിനി വൈഷ്ണവി (15) എന്നിവരെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദുരൂഹത ആരോപിച്ച് സാന്ദ്രയുടെ അച്ഛൻ
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സാന്ദ്രയുടെ പിതാവ് കോഴിക്കോട് ചാലിയം പെരുമ്പള്ളിൽ ഹൗസിൽ രവി പറഞ്ഞു.
'നേരത്തെ സന്തോഷത്തോടെയാണ് മകൾ ഹോസ്റ്റലിലെ കാര്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഈ വർഷത്തോടെ കൊല്ലത്തെ പഠനവും പരിശീലനവും അവസാനിപ്പിച്ച് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ നിന്നാണ് വീട്ടിലേക്ക് വിളിച്ചിരുന്നത്. വാർഡൻ തൊട്ടടുത്ത് ഉണ്ടായതുകൊണ്ടാകാം ബുധനാഴ്ച രാത്രി മരിച്ചപ്പോൾ സങ്കടങ്ങളൊന്നും പറയാതിരുന്നത്. സഹിക്കാവുന്നതിന്റെ അപ്പുറമായെന്ന് മകളുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നതായി സാന്ദ്ര അമ്മയോട് പറഞ്ഞിരുന്നു. ഒരു മാസം മുൻപ് സ്ഥലം മാറിപ്പോയ വാർഡനെ വീട്ടുകാരാരും ഫോണിൽ വിളിക്കരുതെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞുവെന്ന് സാന്ദ്ര പറഞ്ഞിരുന്നു'
പൊലീസിന് നൽകിയ മൊഴിക്ക് പുറമേ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പരാതിയും സാന്ദ്രയുടെ പിതാവ് കൊല്ലം ഈസ്റ്റ് പൊലീസിന് നൽകി.