സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ടേമിൽ നടത്തിക്കൂടെ?

Sunday 18 January 2026 12:03 AM IST

കേരള സ്കൂൾ കലോത്സവം സംസ്ഥാനതല മത്സരങ്ങൾ ജനുവരി മാസം പകുതിവരെ നീണ്ടുപോയതിൽ ആശങ്കാകുലർ ആണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. വാർഷിക പരീക്ഷകൾ മാർച്ച് ആദ്യ വാരം തുടങ്ങാനിരിക്കെ പഠനത്തിനായി കഠിനാധ്വാനം ചെയ്യേണ്ട സമയമാണിത്. ഇപ്പോൾ കലാ മേളകൾക്കായി സമയം ചെലവിടുന്നത് കുട്ടികൾക്ക് പഠനോത്തോടുള്ള ആഭിമുഖ്യം കുറയുകയും ഉത്സാഹത്തോടും കൃത്യനിഷ്ഠതയോടും ക്രമീകൃതമായി പാഠഭാഗങ്ങൾ പഠിച്ചു തീർക്കാൻ കഴിയാതെ വരികയും ചെയ്യും. പ്രത്യേകിച്ച് ഉയർന്ന നിലവാരത്തിൽ പഠനം നടത്തുന്ന ഉയർന്ന മാർക്ക് ലക്ഷ്യമിടുന്ന കുട്ടികൾക്ക് സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിച്ചു തീർക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാവും. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിപരീതമായി ജനുവരി പകുതി വരെ സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങാൻ വൈകിയത് രക്ഷിതാക്കളെയും കുട്ടികളെയും ഏറെ അസ്വസ്ഥരാക്കുന്നു. മുൻവർഷങ്ങളിൽ ജനുവരി ആദ്യവാരം സംസ്ഥാന സ്കൂൾ കലോത്സവം നടന്നിരുന്നു. വരും വർഷങ്ങളിൽ കുട്ടികളുടെ പഠനത്തെയും വാർഷിക പരീക്ഷകളെയും ഒട്ടും തന്നെ ബാധിക്കാത്ത വിധം രണ്ടാം ടേം അവസാനിക്കുന്നതിന് മുമ്പായി ഡിസംബർ മാസത്തിനുള്ളിൽ സംസ്ഥാന സ്കൂൾ കലോത്സവ മത്സരങ്ങൾ പൂർത്തിയാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിച്ചാൽ ഏറെ ഗുണകരമായിരുന്നു വിദ്യാർത്ഥികൾക്ക്. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസ മന്ത്രിയും അദ്ധ്യാപക സംഘടന നേതൃത്വവും ശ്രദ്ധിക്കുമല്ലോ. പഠനത്തെ ബാധിക്കാത്ത വിധം മേളകൾ നടത്തുന്നതല്ലേ ഉചിതം. റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി