കൊട്ടിയം പൗരവേദി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം
കൊല്ലം: കൊട്ടിയം പൗരവേദിയും കൊല്ലം എക്സൈസ് വകുപ്പും സംയുക്തമായി കൊട്ടിയത്ത് സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് കൊട്ടിയം ഡോൺബോസ്കോ കോളേജിൽ തുടങ്ങി. കലാ മത്സരങ്ങൾ കൊട്ടിയം എസ്.എച്ച്.ഒ പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആശയാവിഷ്കാര മത്സരത്തിൽ കോളേജ് തലത്തിൽ ശ്രീനാരായണ പോളിടെക്നിക് ഒന്നാം സ്ഥാനവും ഡോൺബോസ്കോ കോളേജ് രണ്ടാം സ്ഥാനവും നേടി. സ്കൂൾ തലത്തിൽ കിഴവൂർ, ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും മൈലാപ്പൂർ എ.കെ.എം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. 26ന് ലഹരി വിരുദ്ധ സന്ദേശമുയർത്തിയുള്ള റിപ്പബ്ലിക് ദിന റാലിയും പൊതുസമ്മേളനവും നടക്കും. റാലിയിൽ 15 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികളും പൊതു ജനങ്ങളും വിവിധ സംഘടനകളും പങ്കെടുക്കും. കൊട്ടിയം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റാലി ഡോൺബോസ്കോ കോളേജിൽ സമാപിക്കും. ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എ. ബദറുദീൻ, കളക്ടർ എൻ. ദേവിദാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ നൗഷാദ് തുടങ്ങിയവർ പങ്കെടുക്കും.