സാംസ്കാരിക സമുച്ചയത്തിൽ ഗുരുദേവ പ്രതിമ അനാച്ഛാദനം 19ന്
കൊല്ലം: കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുവിന്റെ വെങ്കല പ്രതിമ 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യുമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ.ബി. ഗണേശ് കുമാർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ പ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, മേയർ എ.കെ. ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സാംസ്കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗേഡെ, കളക്ടർ എൻ. ദേവീദാസ്, കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ കുരുവിള ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ സ്വാഗതവും ഡോ. ദിവ്യ എസ്. അയ്യർ നന്ദിയും പറയും
പ്രമുഖ ശില്പി ഉണ്ണി കാനായിയാണ് ഗുരുവിന്റെ പ്രതിമ നിർമ്മിച്ചത് .എട്ട് അടി ഉയരത്തിലും അഞ്ച് അടി വീതിയിലും തീർത്ത ശില്പം രണ്ടു വർഷം എടുത്താണ് പൂർത്തിയാക്കിയത്. ചടങ്ങിൽ ശില്പിയെ ആദരിക്കും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ, ലളിതകല അക്കാഡമി ചെയർമാൻ മുരളി ചിരോത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.