വിഷത്തെ വിചാരണ ചെയ്ത് 'തേൾ' സ്കി​റ്റ്

Sunday 18 January 2026 1:05 AM IST
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഇംഗ്ളീഷ് സ്കിറ്റ്

തൃശൂർ: പ്രകോപനത്തിന്റെ നിമിഷങ്ങളിൽ മാത്രം വിഷം പുറത്തുവിടുന്ന തേളുകളാണോ, അതോ ചിന്തയിലും ഭാഷണത്തിലും വിദ്വേഷത്തിന്റെ വിഷം നിറച്ചുനടക്കുന്ന മനുഷ്യ ജന്മങ്ങളാണോ യഥാർത്ഥ വിഷജീവികൾ?

കലോത്സവത്തിന്റെ ഇംഗ്ളീഷ് സ്കിറ്റ് വേദിയിൽ കൊല്ലം പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഉയർത്തിയ ഈ ചോദ്യം ആസ്വാദകരുടെ ഉള്ളുപൊള്ളിച്ചു. ഇന്ത്യൻ ആംഗലേയ സാഹിത്യത്തിലെ ഇതിഹാസം നിസ്ളിം ഐസക്കിയേലിന്റെ 'നൈറ്റ് ഒഫ് ദി സ്കോർപ്പിയൻ' എന്ന കവിതയെ ആസ്പദമാക്കി അവതരിപ്പിച്ച സ്കിറ്റ്, ഗഹനമായ ആക്ഷേപ ഹാസ്യത്തിലൂടെ എ ഗ്രേഡ് സ്വന്തമാക്കി. മനുഷ്യൻ ഭുജിച്ച ആദ്യ വിഷത്തിൽ തുടങ്ങി ജീവിതത്തിന്റെ സ‌ർവ്വ മേഖലകളിലും പടർന്നുകയറിയ സ്വാർത്ഥതയുടെയും അസഹിഷ്ണുതയുടെയും തീവ്രതയായിരുന്നു അവതരണ വിഷയം. തേളിന്റെ വിഷത്തെ ഒരു ബിംബമാക്കി മാറ്റിക്കൊണ്ട്, വിഷം തീണ്ടിയ മനുഷ്യ ജീവിതത്തിന്റെ വിഭിന്ന അവസ്ഥാന്തരങ്ങളിലൂടെയുള്ള യാത്ര അവർ വേദിയിൽ അനാവരണം ചെയ്തു.

കവിതയിലെ ഗ്രാമീണ നിഷ്കളങ്കതയെ ആധുനിക മനുഷ്യന്റെ കപടതയുമായി ബന്ധിപ്പിച്ചപ്പോൾ അത് സ്കിറ്റിനും അപ്പുറം ആത്മ വിമർശനമായി മാറി. ശ്രീഹരി, ദേവർഷ്, ആദ്യ, നീരദ, അരോമ, കൃഷ്ണപ്രിയ, പാർവതി, അനവദ്യ എന്നീ കൂട്ടുകാരാണ് അരങ്ങി​ലെത്തി​യത്. സ്കൂളിലെ അദ്ധ്യാപകൻ അരുൺകുമാറിന്റെ കഥയ്ക്ക് മനോജ് റാം ചേർത്തലയാണ് സർഗാത്മക ദൃശ്യഭാഷ്യമൊരുക്കിയത്. സാഹിത്യവും ജീവിതവും ആക്ഷേപ ഹാസ്യവും ഒന്നുചേർന്നപ്പോൾ മികച്ച സ്കിറ്റായി മാറുകയായിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് സ്കൂളിന് എ ഗ്രേഡ് ലഭിക്കുന്നത്.