മലയാളിയുടെ  സ്വന്തം കുളിത്തോർത്തിനെ അമ്മയും മകളും ആഗോള ബ്രാൻഡാക്കി

Sunday 18 January 2026 2:13 AM IST

കൊച്ചി: കുളിക്കടവിലും അടുക്കളയിലും കൃഷിയിടങ്ങളിലും മലയാളിയുടെ സഹചാരിയായ തോർത്തിന് ആഗോള ഗറ്റപ്പ്. എറണാകുളം സ്വദേശികളായ ഇന്ദു മേനോന്റെയും മകൾ ചിത്രയുടെയും സംരംഭമായ 'കര വീവേഴ്സി"ന്റെ ഉത്പന്നങ്ങളാണ് പാശ്ചാത്യർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.

കാഞ്ഞിരമറ്റം പരിയാരത്ത് ഡോ.പി. ഗോപാലകൃഷ്ണന്റെ ഭാര്യയായ ഇന്ദുവിന് അഹമ്മദാബാദ് ഐ.ഐ.എമ്മിലെ ഹാൻഡ്ലൂം പ്രൊജക്ടിലായിരുന്നു ജോലി. ഇന്ത്യയിലെ നെയ്ത്തുശാലകൾ സന്ദർശിക്കുകയും പുസ്തകമെഴുതുകയും ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷം സ്വന്തം സംരംഭം തുടങ്ങുമ്പോൾ, നെയ്ത്തുകലയുടെയും നെയ്ത്തുകാരുടെയും ഉന്നമനമായിരുന്നു ലക്ഷ്യം. ഗ്രാഫിക് ഡിസൈനറായ മകൾ ചിത്ര പിന്തുണച്ചു.2007ലാണ് സംരംഭം തുടങ്ങിയത്.

പട്ടും കസവുമല്ല, തോർത്തുകളാണ് കേരളത്തിലെ നെയ്ത്തുഗ്രാമങ്ങളുടെ അടിത്തറയെന്ന് തിരിച്ചറിഞ്ഞു. വീടുകളിൽ കരയുടെ നിറം നോക്കിയാണ് തോർത്തുകൾ തിരിച്ചറിയുന്നത്. അതുകൊണ്ട് 'കര വീവേഴ്സ്" എന്നു പേരിട്ടു.

തോർത്തിനെ ഇഴയടുപ്പിച്ച് ബലപ്പെടുത്തി. ഈർപ്പം പിടിക്കാത്ത നിലയിലാക്കി. വ്യത്യസ്ത ഡിസൈനുകൾ വരച്ച് പുറം കരാർ നൽകി. അവസാന മിനുക്കുപണി മാത്രമാണ് കാഞ്ഞിരമറ്റത്തെ യൂണിറ്റിലുള്ളത്.

തോർത്ത് വെറും തോർത്തല്ല

#തൂവാലയ്ക്ക് സമാനമായ ടൈനി ടവൽ, ബേബി ടവൽ, ബാത്റൂം ടവൽ, മേക്കപ്പ് റിമൂവർ, ടേബിൾ നാപ്കിൻ, ബീച്ച് ടവൽ, കിച്ചൺ ടവൽ, ഏപ്രൺ... തുടങ്ങിയവയെല്ലാം തോർത്തിലുണ്ട്.

9 ഇഞ്ച് ചതുരത്തിലുള്ള കുഞ്ഞൻ മുതൽ രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള വലിയ തോർത്തുകൾ വരെയുണ്ട്. 105 രൂപയാണ് കുറഞ്ഞവില.കയറ്റുമതിയും ഓൺലൈൻ വിൽപനയുമായതിനാൽ വില മാറിവരും.

#നെയ്ത്തുശാലകൾക്ക് പുറംകരാർ നൽകുകയാണെങ്കിലും, അവയിലെ അഞ്ഞൂറോളംപേർക്ക് തൊഴിൽ നൽകുന്ന സംരംഭമായി മാറി. കണ്ണൂർ ചിറയ്ക്കലുള്ള നെയ്ത്തുശാലകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ആയിരം പീസ് പ്രതിമാസം വിൽക്കുന്നുണ്ട്.

നടി രേവതിയും പാർട്ണർ

കുടുംബ സൃഹൃത്തായ നടി രേവതി ബിസിനസ് പങ്കാളിയാണ്.പ്രശസ്തമായ വോഗ് ഫാഷൻ മാഗസിനിലടക്കം ഫീച്ചർ വന്നതോടെ ഹിറ്റായി. അമേരിക്കയാണ് പ്രധാന വിപണി.