ഭൂമി വിൽക്കാനായില്ല; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജീവനൊടുക്കി
പാലക്കാട്: സാമ്പത്തിക ബാധ്യതയെ തുടർന്ന് അട്ടപ്പാടിയിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിസന്റ് ആത്മഹത്യ ചെയ്തു. കർഷകൻ കൂടിയായ അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണൻ (60) ആണ് മരിച്ചത്. സഹകരണ ബാങ്കിൽ 8 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്ന ഗോപാലാകൃഷ്ണന്റെ ഭൂമിക്ക് ജപ്തി ഭീഷണിയുണ്ടായിരുന്നു. തണ്ടപ്പേര് ലഭിക്കാത്തതു കാരണം വസ്തു വിൽക്കാൻ സാധിച്ചിരുന്നില്ല. അതിനിടെ ഗോപാലകൃഷ്ണൻ രോഗബാധിതനുമായി. ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാത്തതും മനപ്രയാസമുണ്ടാക്കി. ഇതിന് പിന്നാലെയാണ് തന്റെ കൃഷിയിടത്തിൽ ഉപയോഗിക്കാൻ വാങ്ങിയ കീടനാശിനി കുടിച്ച് ഗോപാലകൃഷ്ണൻ ജീവനൊടുക്കിയത്.
അട്ടപ്പാടിയിലുള്ള സഹോദരനോട് താൻ വിഷം കഴിച്ചുവെന്ന് വിളിച്ചു പറഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണ്ടപ്പേര് ലഭിക്കാത്തതിലുള്ള കടുത്ത മാനസിക വിഷമമാണ് ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന് സഹോദരൻ പ്രഭാകരൻ പറഞ്ഞു. സി.പി.എം നേതാവായിരുന്ന ഗോപാലകൃഷ്ണൻ 2004-05 കാലഘട്ടത്തിൽ അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റും 2005-10ൽ പഞ്ചായത്തംഗവും ആയിരുന്നു. നാല് മാസം മുമ്പ് തണ്ടപ്പേര് ലഭിക്കാത്തതിനാൽ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷ്ണസ്വാമി എന്ന കർഷകനും ആത്മഹത്യ ചെയ്തിരുന്നു.