ആസിഡ് ആക്രമണം: 14കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

Sunday 18 January 2026 2:15 AM IST

പുൽപ്പളളി: ആസിഡ് ആക്രമണത്തിൽ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും അയൽവാസിയുമായ വേട്ടറമ്മൽ രാജു ജോസി(53)നെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് മഹാലക്ഷ്മി. സ്‌കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ വീട്ടിലെത്തി ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതിൽ പ്രകോപിതനായാണ് രാജു ജോസ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖത്തേക്കൊഴിച്ചത്.

നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയെ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീശത്തിൽ 50 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റതായി ഡോക്ടർമാ‌ർ അറിയിച്ചു. മുഖത്തും മാറിലും ശരീരത്തിന്റെ പിൻഭാഗത്തും കൈകാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. തുടർചികിത്സയ്ക്കായി പ്ലാസ്റ്റിക് സർജ്ജന്റെ സേവനം ആവശ്യമുള്ളതിനാലാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ണ് പൂർണ്ണമായും തുറക്കാത്തതിനാൽ നേത്രരോഗവിഭാഗം ഡോക്ടർമാർക്ക് വിശദമായി പരിശോധിക്കാനായില്ല. കണ്ണിനകത്ത് ആസിഡ് എത്തിയതായാണ് പ്രാഥമിക നിഗമനം .