ഇൻഡിഗോയ്ക്ക് 22.20 കോടി പിഴ
ന്യൂഡൽഹി: കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം യാത്രക്കാരെ വലച്ച ഇൻഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 22.20 കോടി രൂപ പിഴ ചുമത്തി. ഓപ്പറേഷണൽ മേൽനോട്ടത്തിലും പ്രതിസന്ധി മാനേജ്മെന്റിലും വീഴ്ച വരുത്തി തുടങ്ങി ആറ് നിയമ ലംഘനങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. 50 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി ഇൻഡിഗോ കെട്ടിവയ്ക്കണം. സംവിധാനത്തിലെ പാളിച്ചകൾ പരിഹരിച്ച് പരിഷ്‌ക്കാരങ്ങൾ വരുത്തുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി തുക ഡി.ജി.സി.എ തിരിച്ചു നൽകും.
ഡിസംബർ 5 മുതൽ ഫെബ്രുവരി 10 വരെയുള്ള 68 ദിവസത്തെ പിഴയാണ് ഒടുക്കേണ്ടത്. ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സനും സി.ഒ.ഒയ്ക്കും താക്കീത് നൽകി. സീനിയർ വൈസ് പ്രസിഡന്റിനെ നിലവിലെ ചുമതലകളിൽ നിന്നു നീക്കാൻ നിർദ്ദേശിച്ചു. ഫ്ലൈറ്റ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഹെഡ്, ഡയറക്ടർ തുടങ്ങിയവർക്ക് മുന്നറിയിപ്പ് നൽകി. ഈ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി ഇൻഡിഗോ അധികൃതർ സ്വീകരിക്കണം. ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നാലംഗ സമിതിയുടെ അന്വേഷണത്തിൽ ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ ഉണ്ടായെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഡി.ജി.സി.എയുടെ നടപടി.