നേരം ഇരുട്ടിയാൽ ബസ്സില്ല
കാളികാവ്: കാളികാവ്- പൂക്കോട്ടുംപാടം റൂട്ടിൽ നേരം ഇരുട്ടിയാൽ ബസ്സില്ല. 11 കിലോമീറ്റർ ദൂരമുള്ള പൂക്കോട്ടുംപാടം വരെയുള്ള റൂട്ടിൽ വൈകിട്ട് ഏഴിന് ശേഷം ബസ്സില്ലാത്തതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. രണ്ടു വർഷത്തോളമായി ദുരിതമനുഭവിക്കുന്ന യാത്രക്കാർ നിയമ നടപടിക്കൊരുങ്ങുകയാണ്. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടതിനാൽ ഗതാഗതം ദുഷ്‌ക്കര മെന്ന പേരിൽ നേരത്തെ തന്നെ ബസ്സുകൾ പകൽ പോലും ഓട്ടം നിറുത്തിയിരുന്നു. ഇപ്പോൾ ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടും വൈകിട്ട് ഏഴിന് ശേഷം ബസ്സുകളൊന്നും ഈ റൂട്ടിൽ ഓടുന്നില്ല. കെ.എസ്.ആർ.ടി.സി പേരിനു മാത്രമായാണ് മേഖലയിൽ സർവ്വീസ് നടത്തുന്നത്.രാത്രി 12 ന് കാളികാവിലൂടെ നിലമ്പൂരിലേക്ക് ഒന്ന് ഓടുന്നുണ്ട്. അതേസമയം കാളികാവ് പൂക്കോട്ടുംപാടം റൂട്ടിൽ നേരത്തെ വൈകിട്ട് 7:20,7:50,8:20,9.00, എന്നീ സമയങ്ങളിൽ ഓടിയിരുന്ന ബസ്സുകൾ ഏറെ കാലമായി ഓടുന്നില്ല. പെരിന്തൽമണ്ണ, മഞ്ചേരി ഭാഗത്തു നിന്നും വൈകിട്ട് ഏഴ് കഴിഞ്ഞാൽ കാളികാവിലെത്തുന്നവർക്ക് വീട്ടിലെത്താൻ മാർഗ്ഗമില്ല. ഓട്ടോ വിളിയ്ക്കാനും മറ്റും വലിയ ചെലവാകും. വൈകിട്ട് ഏഴു കഴിഞ്ഞാൽ യാത്രക്കാർ കുറവാണെന്ന് ബസുകാർ പറയുന്നു. അതേപോലെ നിലമ്പൂരിൽ നിന്നും കാളികാവിലേക്ക് എട്ടിനും 8:30 നുമുണ്ടായിരുന്ന രണ്ടു ബസ്സും ഇപ്പോൾ സർവ്വീസ് നടത്തുന്നില്ല. ഇതും കടുത്ത യാത്രാ ക്ലേശമാണ് നാട്ടുകാർക്കുണ്ടാക്കുന്നത്. യാത്രാ ക്ലേശവുമായി ബന്ധപ്പെട്ട് പുല്ലങ്കോട് സ്രാമ്പിക്കല്ലിലെ ജനകീയ കൂട്ടായ്മ നിയമ നടപടിയിലേക്കു നീങ്ങുകയാണ്. ആദ്യ പടിയായി ഭീമഹർജി ഗ്രാമപഞ്ചായത്തിനും ആർ.ടി.ഒയ്ക്കും നൽകുന്നതിനുള്ള ഒപ്പു ശേഖരണത്തിലാണ് നാട്ടുകാർ.