14കാരിയുടെ കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ആവശ്യം

Sunday 18 January 2026 1:39 AM IST

വണ്ടൂർ: ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയെ പതിനാറുകാരൻ കൊലപ്പെടുത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. കേസിൽ ഉയർന്ന ദുരൂഹതകളിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ആണ് പരാതി നൽകിയത്. പരാതി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടാകാമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിന്റെ ,മറവിൽ ഇളവ് ലഭിച്ച് പ്രതി രക്ഷപ്പെടാൻ സാദ്ധ്യത കൂടുതലാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മുഴുവൻ മുറിവേറ്റ പാടുകളുണ്ട്. കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു. പ്രതിയ്ക്ക് കുറ്റകൃത്യത്തിന് പരസഹായം ലഭിച്ചിരുന്നോയെന്നത് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യം.