വന്യജീവി പ്രതിരോധത്തിന് ലെയ്സൺ ഓഫീസർമാർ  273 പഞ്ചായത്തുകളിൽ

Sunday 18 January 2026 2:26 AM IST

തിരുവനന്തപുരം: വന്യജീവി സംഘർഷം രൂക്ഷമായ ഗ്രാമപഞ്ചായത്തുകളിൽ പരാതികൾ പരിഹരിക്കുന്നതിനടക്കം ലെയ്സൺ ഓഫീസർമാരെ നിയോഗിക്കാൻ വനംവകുപ്പ് തീരുമാനം. കാടിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ നടപ്പാക്കുന്ന ലാൻഡ് സ്കേപ്പ് പ്ലാനിന്റെ ഭാഗമായാണിത്. ജനുവരി 31ന് അവസാനിക്കുന്ന വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞം പൂർത്തിയാക്കുന്നതിന് മുന്നോടിയായി ഇത് നിലവിൽവരും.

തീവ്രയജ്ഞത്തിൽ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ 273 പഞ്ചായത്തുകളിൽ അതാത് മേഖലയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർക്കും ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാർക്കുമാണ് ചുമതല നൽകിയിരുന്നത്. ഇവരെയാകും ലെയ്സൺ ഓഫീസറായി നിയോഗിക്കുക.

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയിൽ വന്യജീവി സംഘർഷ ലഘൂകരണ നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനജാഗ്രത സമിതികൾ, പ്രൈമറി റെസ്പോൺസ് ടീം, ലെയ്സൺ ഓഫീസർ എന്നിവരോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലാൻഡ് സ്കേപ്പ് ആക്ഷൻ പ്ലാൻ നടപ്പാക്കാനാണ് നീക്കം.

ചുമതലകൾ

1.അതാത് പ്രദേശത്തുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളും പരാതികളും പരിഹരിക്കുക, ചികിത്സ സഹായവും ധനസഹായവും ലഭ്യമാക്കുക എന്നിവയടക്കം ലെയ്സൺ ഓഫീസറുടെ ചുമതല

2.തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുക, ജനജാഗ്രത സമിതികളുടെ ഏകോപനം, പ്രതിരോധ നിർമ്മാണങ്ങളും പരിപാലനവും, വനംവകുപ്പിന്റെ വിവിധ മിഷനുകളുടെ നിർവഹണം, ബോധവത്കരണം

ലാൻഡ് സ്കേപ്പ് പ്ലാൻ

വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളെ 12 ലാൻഡ് സ്‌കേപ്പുകളായി തിരിച്ച്, പ്രാദേശിക വിഷയങ്ങളുടെയും സ്വഭാവങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതാണ് പദ്ധതി. വന്യജീവികളെ പ്രതിരോധിക്കാൻ അതത് പ്രദേശത്തിന് അനുസൃതമായ മാർഗങ്ങൾ കണ്ടെത്തും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി രണ്ടുഘട്ട ചർച്ചകൾ നടത്തിയതിന് ശേഷം ആക്ഷൻ പ്ലാനിന് അന്തിമരൂപം നൽകി രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കും