കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കും: അഡ്വ.ബി.ജി. ഹരീന്ദ്രനാഥ്
കൊച്ചി: അധികാരം എവിടെ കേന്ദ്രീകരിക്കുന്നുവോ അവിടെ മനുഷ്യത്വം നഷ്ടമാകുമെന്നതിന് തെളിവാണ് കന്യാസ്ത്രീ പീഡനത്തിനിരയായ കേസ് എന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ.ബി.ജി. ഹരീന്ദ്രനാഥ് പറഞ്ഞു. വിശ്വാസികളടക്കം ഒറ്റപ്പെടുത്തിയ നിസ്സഹായയായ സ്ത്രീക്ക് നീതി ലഭ്യമാക്കാൻ പരമാവധി ശ്രമിക്കും. കേസിന്റെ വിശദാംശങ്ങൾ പഠിച്ചുവരികയാണെന്നും കേരളകൗമുദിയോട് അദ്ദേഹം പറഞ്ഞു. വനിതാശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴും സ്ത്രീ പക്ഷത്തുനിന്നു ചിന്തിക്കാൻ സമൂഹം തയ്യാറാകുന്നില്ല. ബലാത്സംഗത്തിനിരയായ സ്ത്രീകളെ വിദ്യാഭ്യാസമുള്ളവർ പോലും ഒറ്റപ്പെടുത്തുന്ന സാഹചര്യം മാറണം. ഒരിടത്തുനിന്നും നീതി കിട്ടിയില്ലെന്ന പരാതിക്കാരി സിസ്റ്റർ റാണിറ്റിന്റെ തുറന്നുപറച്ചിലിനെ തുടർന്നാണ് മുൻ നിയമ സെക്രട്ടറിയായ അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സംരക്ഷിതനായി തുടരുമ്പോഴും തങ്ങൾ വേട്ടയാടപ്പെടുകയാണെന്നാണ് കന്യാസ്ത്രീയുടെ പരാതി.
കന്യാസ്ത്രീയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുകയാണെന്ന സിസ്റ്ററിന്റെ തുറന്നുപറച്ചിലിനു പിന്നാലെ സിസ്റ്റർ റാണിറ്റടക്കം കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്നു പേർക്ക് റേഷൻ കാർഡ് അനുവദിച്ചിരുന്നു.