കേരളകൗമുദി ഇടപെടൽ അഭിനന്ദനാർഹം: മന്ത്രി രാജൻ

Sunday 18 January 2026 3:52 AM IST

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും, കേരളനടനത്തിലും എ ഗ്രേഡ് നേടിയ കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ സച്ചു സതീഷിന് വീട് വയ്ക്കാനാവശ്യമായ സ്ഥലം റവന്യു വകുപ്പ് കണ്ടെത്തി നൽകുമെന്ന് മന്ത്രി കെ.രാജൻ. കേരളകൗമുദിയിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഗൗരവമേറിയ ഇടപെടലാണ് കേരളകൗമുദി നടത്തിയത്.

സച്ചുവിനും അമ്മ ബിന്ദുവിനും വീടു വയ്ക്കാനാവശ്യമായ സ്ഥലമുണ്ടെങ്കിലും അത് തർക്കത്തിൽ കിടക്കുന്ന ഭൂമിയാണെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ഇത് പരിഹരിക്കാനുള്ള സാദ്ധ്യത പരിശോധിക്കും. സാധിച്ചില്ലെങ്കിൽ സ്ഥലം നൽകും. എന്തായാലും വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കും. സർക്കാർ സച്ചുവിനും അമ്മയ്ക്കുമൊപ്പമുണ്ട്. ബിന്ദുവിന്റെ ജീവിതയാത്രയെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇരുവരെയും നേരിൽക്കണ്ട മന്ത്രി സച്ചുവിനെ ആശ്ലേഷിക്കുകയും നേട്ടങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

സമ്മാനം നേടുന്നവരുടെ വർണാഭമായ വാർത്തകൾക്കുമപ്പുറം ജീവിത പ്രതിസന്ധികളെ അടയാളപ്പെടുത്തുന്ന കേരളകൗമുദിയുടെ ഇത്തരം ഇടപെടലുകൾ ശ്രദ്ധേയമാണ്. കേരളകൗമുദി എല്ലാക്കാലത്തും സാമൂഹിക പ്രസക്തമായ ഇടപെടലുകൾ നടത്താറുണ്ടെണ്ടെന്നും മന്ത്രി പറഞ്ഞു.