ആന്റണി രാജുവിന്റെ അപ്പീൽ 24ന് പരിഗണിക്കും

Sunday 18 January 2026 3:53 AM IST

തിരുവനന്തപുരം : മയക്കുമരുന്ന് കേസിലെ നിർണ്ണായക തെളിവായിരുന്ന അടിവസ്ത്രം മാറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജു കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 24ന് പരിഗണിക്കും. നേരത്തെ നടത്തിയ അന്വേഷണത്തിൽ കുറ്റ വിമുക്തനായി കണ്ട തന്നെ ബോധപൂർവ്വം പ്രതിയാക്കിയതാണെന്ന വാദം ആന്റണി രാജു ഉന്നയിച്ചിരുന്നു. ഇതേ വാദം എഫ്. ഐ. ആർ റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോൾ ഉന്നയിച്ചിരുന്നെങ്കിലും ഇരു കോടതികളും അത് തള്ളിയാണ് വിചാരണ നേരിടാൻ നിർദ്ദേശിച്ചിരുന്നത്. കുറ്റവും ശിക്ഷയും മരവിപ്പിച്ചാൽ മാത്രമേ ആന്റണി രാജു അയോഗ്യനാവാതിരിക്കൂ. നേരത്തേ രാഹുൽ ഗാന്ധി, എൻ. സി. പി നേതാവും ലക്ഷദ്വീപ് എം. പി യുമായിരുന്ന മുഹമ്മദ്‌ ഫൈസൽ എന്നിവരുടെ കുറ്റവും ശിക്ഷയും കോടതി മരവിപ്പിച്ചപ്പോഴാണ് അയോഗ്യതയിൽ നിന്ന് രക്ഷപ്പെട്ടത്.