എൻ.എസ്.എസുമായി സമവായം: വെള്ളാപ്പള്ളി
കൊച്ചി: എൻ.എസ്.എസ് നേതൃത്വവുമായി ഇനി കൊമ്പു കോർക്കാനില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംവരണത്തിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെക്കൊണ്ട് എൻ.എസ്.എസുമായി തെറ്റിച്ചത് മുസ്ലിം ലീഗിന്റെ തന്ത്രമായിരുന്നു. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് ഇനി യോഗത്തിന്റെ നിലപാട്. എൻ.എസ്.എസുമായി സമരസപ്പെട്ടു പോകും. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 21ന് ആലപ്പുഴയിൽ ചേരുന്ന കേരളത്തിലെ ശാഖാ ഭാരവാഹികളുടെ സമ്മേളനത്തിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചയും തീരുമാനവുമുണ്ടാകും. ക്രൈസ്തവർ കേരളത്തിൽ ഭയന്നാണ് ജീവിക്കുന്നത്. ബി.ജെ.പിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സംരക്ഷണം അവർക്ക് കിട്ടുന്നുമില്ല. അത് നൽകുന്നവരെ അവർ തുണയ്‌ക്കും. പല ക്രൈസ്തവ നേതാക്കളും തന്നെ സന്ദർശിച്ച് പിന്തുണ നൽകുന്നുണ്ട്. ക്രൈസ്തവ സമുദായത്തെ നയിക്കുന്നത് മത നേതാക്കളാണ്.
സതീശന്
ലീഗിന്റെ സ്വരം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് മുസ്ലിം ലീഗിന്റെ സ്വരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ വിരോധിയാണ് സതീശൻ. ഈഴവനായ മുഖ്യമന്ത്രിയുടെ കാറിൽ ഈഴവനായ ഒരാൾ കയറിയത് ഇഷ്ടപ്പെട്ടില്ല. ഈഴവനായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ വിമർശിച്ച് വിമർശിച്ച് അദ്ദേഹത്തിന്റെ സ്ഥാനം കളഞ്ഞു. സതീശൻ രാഷ്ട്രീയ, സമുദായ മര്യാദ കാണിക്കണം. ഈഴവരെ കറിവേപ്പിലയായി കാണാമെന്ന് കരുതേണ്ട. ഏറ്റവും വർഗീയവാദികളായവർക്ക് കുട
പിടിച്ചു കൊടുത്ത് അതിന്റെ തണലിൽ മതേതരത്വം പറയുകയാണ്. യു.ഡി.എഫ് വന്നാൽ ലീഗ് ഭരണം നിയന്ത്രിക്കുമെന്നതിൽ സംശയം വേണ്ട. ലീഗിന്റെ പിന്തുണ ഉറപ്പാക്കി
മുഖ്യമന്ത്രിക്കസേരയിൽ കയറാനുള്ള അടവു നയമാണ് പയറ്റുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് അവരോട് കാണിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞ് സതീശൻ എന്തു ചെയ്യുമെന്ന് കാണാം. പിണറായി സർക്കാരിന് കീഴിൽ ഒരു വർഗീയ കലാപവും ഉണ്ടായിട്ടില്ല. മാറാട് കലാപം മറക്കാനാവില്ല. കലാപം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ് തന്നെ വേട്ടയാടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.