സമരത്തിൽ എത്തിയില്ല; ആദിവാസി വൃദ്ധയ്ക്ക് ജോലി നിഷേധിച്ചു
പേരാവൂർ (കണ്ണൂർ): ഇടതു തൊഴിൽ സംഘടനയുടെ സമരത്തിൽ പങ്കെടുക്കാതിരുന്ന ആദിവാസി വൃദ്ധയ്ക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി. പേരാവൂർ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മയാണ് (70) വെള്ളിയാഴ്ച തൊഴിലുറപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. കേന്ദ്രത്തിന്റെ പുതിയ തൊഴിലുറപ്പ് പരിഷ്കരണത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ വ്യാഴാഴ്ച സംഘടിപ്പിച്ച സമരത്തിൽ ലക്ഷ്മിയമ്മ പങ്കെടുത്തിരുന്നില്ല. അസുഖംമൂലം മൂന്ന് ദിവസമായി ജോലിക്ക് പോകാതിരുന്ന ഇവരോട്, വെള്ളിയാഴ്ച തൊഴിലിടത്തിലെത്തിയപ്പോൾ സമരത്തിൽ പങ്കെടുക്കാത്തതിനാൽ ഒരു ദിവസത്തെ പണി ഇല്ലെന്ന് മേറ്റ് പറഞ്ഞെന്നാണ് ആരോപണം.
എന്നാൽ ഇക്കാര്യം തൊഴിലുറപ്പ് മേറ്റായ വിജി നിഷേധിച്ചു. 49പേർ ജോലി ചെയ്തിരുന്നിടത്ത് അവസാന ദിവസമാണ് ലക്ഷ്മിയമ്മ എത്തിയതെന്നും 42 പേർക്ക് മാത്രമേ വെള്ളിയാഴ്ച തൊഴിൽ നൽകാൻ സാധിക്കുമായിരുന്നുള്ളൂവെന്നും ഇവർ വിശദീകരിച്ചു. സമരത്തിൽ പങ്കെടുത്തവർക്ക് മാത്രം അന്ന് തൊഴിൽ നൽകിയാൽ മതിയെന്നുള്ളത് തൊഴിലാളികൾ കൂട്ടായെടുത്ത തീരുമാനമാണെന്നും ഇത് ലക്ഷ്മിഅമ്മയോട് പറയുക മാത്രമാണ് താൻ ചെയ്തതെന്നും അവർ വ്യക്തമാക്കി.
ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബി.ഡി.ഒയ്ക്ക് പരാതി നൽകിയതായും അറിയിച്ചു.