ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

Sunday 18 January 2026 7:14 AM IST

തിരുവനന്തപുരം:ശബരിമലയിൽ സ്വർണക്കടത്ത് നടന്നെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ശബരിമല നടയിലെ സ്വർണത്തിന്റെ അളവിൽ കുറവുണ്ടായതായി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി)​ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച ശ്രീകോവിൽ കട്ടിളയിലും ദ്വാരപാലക ശിൽപ്പങ്ങളിലും സ്വർണത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. 1998-ൽ സ്വർണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം വ്യക്തമായത്. കട്ടിളയിൽ നിന്നും ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും നിശ്ചിത അളവിൽ ഭാഗങ്ങൾ വെട്ടിയെടുത്താണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചെമ്പ് പാളികളിലെ സ്വർണത്തിന്റെ അളവും അതിന്റെ പഴക്കവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൊല്ലം വിജിലൻസ് കോടതിയിൽ സീൽ ചെയ്ത കവറിൽ സമർപ്പിച്ച വിഎസ്എസ്‌സി റിപ്പോർട്ട്, ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ആകെ 15 സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. എഡിജിപി എച്ച്. വെങ്കിടേഷ് ആണ് അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് നാളെ ഹൈക്കോടതിക്ക് കൈമാറുന്നത്. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഈ റിപ്പോർട്ട് നിർണായക തെളിവായി മാറും.

പതിനഞ്ച് സാമ്പിളുകളാണ് വിഎസ്എസ്സി പരിശോധിച്ചത്. മുഖ്യമായും പാളികളുടെ കാലപ്പഴക്കമാണ് വിലയിരുത്തിയത്. അവയിലെ സ്വർണത്തിന്റെ അളവും തിട്ടപ്പെടുത്തിയിട്ടുണ്ട്. സ്വർണപ്പാളികൾ കടത്തിയശേഷം പുതിയ അച്ചുണ്ടാക്കി അതിൽ പുതിയ പാളികൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശി തിരിച്ചെത്തിച്ചതാണോയെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. രാജ്യാന്തര പുരാവസ്തു കള്ളക്കടത്തു നടത്തുന്ന ‘സുഭാഷ് കപൂർ മാതൃക’യിലുള്ള തട്ടിപ്പിന്റെ സാദ്ധ്യതകൾ അന്വേഷിക്കാൻ ഹൈക്കോടതിയും എസ്.ഐ.ടിയോട് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ശാസ്ത്രീയ പരിശോധന നടത്താൻ വി.എസ്.എസ്.സിയെ ചുമതലപ്പെടുത്തിയത്.