പി പി ദിവ്യക്കെതിരായ നടപടി: സിപിഎമ്മിൽ 'ഇരട്ടനീതി' ആരോപണം പുകയുന്നു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാർട്ടി സ്വീകരിക്കുന്ന തുടർച്ചയായ നടപടികളിൽ സിപിഎമ്മിനുള്ളിൽ അതൃപ്തി പുകയുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്തുനിന്ന് കൂടി ദിവ്യയെ ഒഴിവാക്കിയതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മഹിളാ അസോസിയേഷൻ സ്ഥാനവും നഷ്ടമായിരിക്കുന്നത്. എന്നാൽ, സമാനമായോ അതിലുമേറെ ഗൗരവകരമായോ ഉള്ള ആരോപണങ്ങൾ നേരിടുന്ന മറ്റ് നേതാക്കളോട് പാർട്ടി ഇതേ സമീപനമല്ല സ്വീകരിക്കുന്നതെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആക്ഷേപം.
സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിനെതിരെ പാർട്ടി ഇതുവരെ കർശന നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടും പത്മകുമാറിനെ സംരക്ഷിക്കുന്ന പാർട്ടി, ദിവ്യയുടെ കാര്യത്തിൽ മാത്രം അതിവേഗ നടപടികൾ കൈക്കൊള്ളുന്നത് ഇരട്ടത്താപ്പാണെന്നാണ് വാദം.
ആന്തൂർ നഗരസഭയിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണവിധേയയായ പികെ ശ്യാമളയെ പാർട്ടി ഒറ്റക്കെട്ടായി സംരക്ഷിച്ചതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. അന്ന് ശ്യാമളയെ ചേർത്തുപിടിച്ച പാർട്ടി, ഇപ്പോൾ അവരെ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ഉയർത്തുകയും ചെയ്തു. സമാനമായ സാഹചര്യത്തിൽ ദിവ്യയെ പാർട്ടിയും സംഘടനയും കൈവിടുന്നത് കണ്ണൂരിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.