അമ്മമ്മ മനസിൽ നിറഞ്ഞു; വേടനൊപ്പമെന്ന പ്രഖ്യാപനത്തിന് തേജയ്ക്ക് എ ഗ്രേഡ്

Sunday 18 January 2026 9:51 AM IST

തൃശൂർ: ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ വേടന്റെ ജീവിത കഥയുമായി വേദിയിലെത്തിയ തേജലക്ഷ്മിയുടെ മനസിൽ അമ്മമ്മ നിറഞ്ഞു. പതിവായി കൊച്ചുമകളെ കലോത്സവ വേദികളിലെത്തിച്ച അമ്മമ്മ ബേബി വിഷ്ണു ഇത്തവണ സദസിലുണ്ടായിരുന്നില്ല. രണ്ട് മാസം മുൻപ് സ്‌ട്രോക്ക് ബാധിച്ചു കിടപ്പിലാണ്. അമ്മമ്മയുടെ മനസും തേജയുടെ കൂടെ നിന്നു. നീതിക്കായുള്ള പോരാട്ടത്തിൽ വേടനൊപ്പമെന്ന പ്രഖ്യാപനത്തിന് നിറഞ്ഞ കൈയടി. ഒപ്പം എ ഗ്രേഡ് നേട്ടവും. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് തേജ. രണ്ടാം തവണയാണ് മോണോ ആക്ടിൽ എ ഗ്രേഡ് നേടുന്നത്. ഐ.എഫ്.എഫ്.കെ വേദികളിലടക്കം പ്രദർശിപ്പിക്കപ്പെട്ട ചാവ് കല്യാണം, ഹത്തനെ ഉദയ തുടങ്ങിയ സിനിമകളും ചെയ്തിട്ടുണ്ട്. മിമിക്രി കലാകാരനായ അച്ഛൻ ഷൈജു പേരാമ്പ്രയുടെ ശിക്ഷണത്തിൽ മിമിക്രിയിൽ നാല് തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്.