പെൺ കണ്ണീരൊപ്പാൻ 'നീലി' എത്തും; നാടോടിനൃത്തത്തിൽ യക്ഷിയായി റിഷിക രാഗേഷ്
തൃശൂർ: ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിൽ പെട്ടെന്നാണ് യക്ഷി വേഷത്തിൽ “നീലി “യായി ഒരു പെൺകുട്ടി പറന്നെത്തിയത്. സ്ത്രീകളെ വേട്ടയാടുന്ന കഴുകന്മാരിൽ നിന്നും അവളെ രക്ഷിക്കാൻ നീലി ചോരപ്പുഴയൊഴുക്കി. ഗോവിന്ദചാമിമാരിൽ നിന്നും പൾസർ സുനിമാരിൽ നിന്നും സ്ത്രീകളെ രക്ഷിക്കാൻ അവൾ കേരളത്തിൽ ഉടനെത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്തോടെ സദസിൽ നിറഞ്ഞ കയ്യടി. കാസർകോട് ജി.എച്ച്. എസ്. ബാരയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ റിഷിക രാഗേഷാണ് 'ലോക' സിനിമയിലെ സൂപ്പർ വുമണായ നീലിയായി നിറഞ്ഞാടിയത്. പതിവ് രീതിയിൽ പുതുമകൊണ്ട് വരണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ആർടിസ്റ്റ് ജ്യോതിഷ് തെക്കേടത്ത് റിഷികയ്ക്കായി വരികൾ എഴുതിയത്. ഡാൻസ് അദ്ധ്യാപകനായ അരുൺ നമ്പലത്ത് ചുവടുകളും ഒരുക്കി നൽകി. റിഷിക 10 വർഷമായി ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്. രാഗേഷ് കുമാറിന്റേയും സുസ്മിതയുടെയും മകളാണ്.