ചുവടുകൾ പിഴയ്‌ക്കാതിരിക്കാൻ അവന്തികയ്‌ക്കൊപ്പമുണ്ട് അച്ഛൻ
Sunday 18 January 2026 10:28 AM IST
തൃശൂർ: ചുവടുകൾ പിഴക്കാതിരിക്കാൻ നുറുങ്ങു വിദ്യകളും ഉപദേശങ്ങളുമായി അവന്തികയ്ക്കൊപ്പം എന്നും ഈ അച്ഛനുണ്ട്. ആ അച്ഛന്റെ കൈ പിടിച്ചാണ് അവൾ വളർന്നതും. എച്ച്.എസ്.എസ് വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുത്ത് കോട്ടയം പാലാ സെന്റ് തോമസ് എച്ച്.എസ്.എസിലെ സി.പി അവന്തിക മടങ്ങിയപ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു. ഡാൻസിനെ നെഞ്ചിലേറ്റിയെങ്കിലും ജീവിതപ്രാരാബ്ദത്തിൽ കല കൈവിട്ടുപോയ വിഷമം മകളെ വേദിയിലെത്തിച്ചപ്പോൾ അലിഞ്ഞില്ലാതായി.അവന്തിക നേടിയ എ ഗ്രേഡ് അച്ഛനുള്ള ഗുരുദക്ഷിണയുമായി. മൂന്നാം വയസു മുതൽ നൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും അവന്തികയ്ക്കിത് ആദ്യത്തെയും അവസാനത്തെയും വേദിയാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം മത്സരിച്ചെങ്കിലും ജില്ലവരെയേ എത്തിയിരുന്നുള്ളു. എൽ.ഐ.സി ഏജന്റായ അച്ഛൻ പ്രസന്നൻ കടം വാങ്ങിയും ലോണെടുത്തുമാണ് മകളെ നൃത്തം പഠിപ്പിക്കുന്നത്.