ഇടിച്ചുതെറിപ്പിച്ചശേഷം കാർ നിർത്താതെ പോയ സംഭവം; കൊച്ചിയിലെ പെൺകുട്ടിയ്ക്ക് കരളിൽ രക്തസ്രാവം

Sunday 18 January 2026 10:47 AM IST

കൊച്ചി: എളമക്കരയിൽ രണ്ടുദിവസം മുൻപ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുന്നു. ഭവൻസ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ദീക്ഷിതയാണ് (16) അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ട് പുതുക്കലവട്ടം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് സൈക്കിളിൽ മടങ്ങും വഴിയായിരുന്നു അപകടം. സ്കൂളിന് സമീപത്തെ അർബൻ സഹകരണ ബാങ്കിന് മുന്നിൽ അമിതവേഗതയിലെത്തിയ കാർ കുട്ടിയെ ഇടിച്ചു വീഴ്ത്തിയ ശേഷം പുന്നയ്ക്കൽ ജംഗ്ഷൻ വഴി നിറുത്താതെ പോകുകയായിരുന്നു.

കറുത്ത നിറത്തിലുള്ള കാർ ആണ്. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തിൽ കാർ നമ്പർ വ്യക്തമല്ല. അപകടത്തിൽപ്പെട്ട കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കാറോടിച്ചയാൾ തയ്യാറായിരുന്നില്ല. തുടർന്ന് അപകടം കണ്ടയാളുകളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷിതാക്കളും സ്കൂൾ അധികൃതരും പൊലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.

അപകടം സംഭവിച്ച് മൂന്നുദിവസം പിന്നിട്ടിട്ടും കാർ കണ്ടെത്താൻ സാധിക്കാത്തതിൽ പൊലീസിനും എംവിഡിക്കുമെതിരെ ആക്ഷേപം ഉയരുകയാണ്. കൊച്ചിപോലൊരു നഗരത്തിലൂടെ കടന്നുപോയ കാറിനെയും അതോടിച്ചയാളെയും കണ്ടെത്താൻ സാധിക്കാത്തതിനുപിന്നിലെ കാരണം എന്താണെന്നും നാട്ടുകാർ ചോദിക്കുന്നു. അതേസമയം, സംശയമുള്ള ചില വാഹനങ്ങളുടെ ഉടമകളോട് ഇന്ന് സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.