പെൺകുട്ടിക്കു നേരെ പാഞ്ഞടുത്ത് തെരുവുനായ; കല്ലെടുത്ത് എറിഞ്ഞോടിക്കാൻ ശ്രമിച്ച നിർമ്മാണത്തൊഴിലാളിയെ കടിച്ചുകീറി
മലപ്പുറം: നിർമ്മാണത്തൊഴിലാളിക്കു നേരെ തെരുവുനായ ആക്രമണം. മലപ്പുറത്ത് ആനൊഴുക്കുപാലത്തെ നിർമ്മാണത്തൊഴിലാളിയായ സുരേഷിനാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പെൺകുട്ടിക്കു നേരെ പാഞ്ഞടുത്ത തെരുവുനായയെ കല്ലെടുത്തെറിഞ്ഞ് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന് കടിയേറ്റത്. കഴിഞ്ഞ ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മദ്രസ കഴിഞ്ഞ് മടങ്ങിവന്ന പെൺകുട്ടിക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. ഇതു കണ്ട സുരേഷ് റോഡ് മുറിച്ചുകടന്ന് അവിടേക്കെത്തി നായയെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ നായ സുരേഷിന്റെ ദേഹത്തേക്ക് ചാടിക്കയറാൻ ശ്രമിക്കുകയും കൈയിൽ കടിക്കുകയും ചെയ്‌തു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടയിൽ സുരേഷ് ഓടയിലേക്ക് വീണു. ഇതോടെ നായ കൂടുതൽ ആക്രമകാരിയായി ഇയാളെ കടിച്ചുകീറി. സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടി നായയെ അടിച്ചെങ്കിലും സുരേഷിന്റെ കൈയിൽ കടിച്ചുകൊണ്ടിരുന്ന നായ പിന്തിരിഞ്ഞില്ല. ഏറെ പാടുപെട്ടാണ് സുരേഷിനെ രക്ഷിച്ചത്. ഇയാളുടെ ശരീരത്തിൽ 15 ഓളം മുറിവുകളുണ്ട്. സമീപത്തുള്ള ആശുപത്രിയിൽ ഇയാൾ ചികിത്സ തേടി.