മുൻ സിപിഎം എംഎൽഎ രാജേന്ദ്രൻ പാർട്ടിവിട്ട് ബിജെപിയിൽ, അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 2022 ജനുവരിയിൽ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. അടുത്തിടെയായി അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി സജീവ ചർച്ചയിലായിരുന്നു. രാജേന്ദ്രൻ നേരത്തെ തിരുവനന്തപുരത്തെത്തി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
അതേസമയം, ബിജെപിയിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകൾ വച്ചിട്ടില്ലെന്ന് രാജേന്ദ്രൻ പ്രതികരിച്ചു, തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മത്സരിക്കാൻ ആഗ്രഹം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിലെ പ്രശ്നങ്ങൾ തീർക്കാൻ ഇടപെടുമെന്ന് ബിജെപി അദ്ധ്യക്ഷനിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ലെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. 'വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ല. പലതും സഹിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു'- അദ്ദേഹം പറഞ്ഞു. മൂന്നാറിലെ സിപിഎമ്മിന്റെ മുഖമായിരുന്ന രാജേന്ദ്രൻ മൂന്ന് വട്ടം ദേവികുളം എംഎൽഎയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.