പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി അപകടം; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെറ്റി അപകടം. മംഗലാപുരത്തുനിന്ന് പാലക്കാട്ടേക്കുവന്ന ട്രെയിനാണ് പാളംതെറ്റിയത്. ഇതിനുപിന്നാലെ നാല് ട്രെയിനുകൾ വിവിധയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. മൂന്നാം ട്രാക്കിൽ നിന്ന് നാലാം ട്രാക്കിലേക്ക് മാറുന്നതിനിടെ ട്രെയിനിന്റെ ഒരു ബോഗി തെന്നിമാറുകയായിരുന്നു. ഷൊർണൂരിൽ നിന്നെത്തിയ എഞ്ചിനീയർ സംഘം ട്രാക്കിൽ നിന്ന് ബോഗി മാറ്റിയെങ്കിലും ഒന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ഏറനാട് എക്‌സ്‌പ്രസ്, പരശുറാം എക്‌സ്‌പ്രസ് ,ജനശതാബ്ദി, കൊച്ചുവേളി എക്‌സ്‌പ്രസ്, തിരുവനന്തപുരം എക്‌സ്‌പ്രസ് എന്നിവയാണ് 30 മിനിട്ടുവീതം വൈകുന്നത്. രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോടുനിന്നും പാലക്കാട്ടേക്കുവരുന്ന പാസഞ്ചർ ട്രെയിൻ, പാലക്കാടുനിന്ന് കണ്ണൂരേക്കുപോകുന്ന ട്രെയിൻ എന്നിവയാണ് റദ്ദാക്കിയിരിക്കുന്നത്.