ഇന്ത്യ വേണ്ട, ലങ്ക മതി! ഗ്രൂപ്പ് മാറ്റാൻ ബിസിബിയുടെ 'വേറെ ലെവൽ' ബുദ്ധി; ബംഗ്ലാദേശിന്റെ പുതിയ ‘ഗെയിം പ്ലാൻ' ഇങ്ങനെ
ധാക്ക: ട്വന്റി-20 ലോകകപ്പ് വേദിമാറ്റവുമായി ബന്ധപ്പെട്ട ഇന്ത്യ-ബംഗ്ലാദേശ് തർക്കം പുതിയ തലത്തിലേക്ക്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാനായി ഗ്രൂപ്പ് വച്ചുമാറലെന്ന പുതിയ ഫോർമുലയാണ് ഐസിസിക്ക് മുന്നിൽ വയ്ക്കുന്നത്.
നിലവിലെ ഷെഡ്യൂൾ പ്രകാരം ബംഗ്ലാദേശ് ഗ്രൂപ്പ് സിയിലാണ് കളിക്കുക. കൊൽക്കത്തയിലും മുംബയിലുമാണ് മത്സരങ്ങൾ നടക്കേണ്ടത്. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പ് സിയിലുള്ളത്. അയർലൻഡ് ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ പൂർണമായും ശ്രീലങ്കയിലാണ് നടക്കുന്നത്. ശ്രീലങ്ക, ഓസ്‌ട്രേലിയ, ഒമാൻ, സിംബാബ്‌വെ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ബംഗ്ലാദേശിനെ ഗ്രൂപ്പ് ബിയിലേക്കും, പകരം അയർലൻഡിനെ ഗ്രൂപ്പ് സിയിലേക്കും മാറ്റുകയെന്നതാണ് ബിസിബിയുടെ ഇപ്പോഴത്തെ ആവശ്യം. ഇതിലൂടെ ബംഗ്ലാദേശിന് തങ്ങളുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ തന്നെ കളിക്കാം. ഐസിസി പ്രതിനിധികളായ ഗൗരവ് സക്‌സേനയും ആൻഡ്രൂ എഫ്‌ഗ്രേവും ധാക്കയിലെത്തി ബിസിബി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം ഉയർന്നത്. എന്നാൽ ചർച്ചകൾക്കിടയിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പ്രകടമായിരുന്നു. ഐസിസി പ്രതിനിധിയായ ഇന്ത്യക്കാരൻ ഗൗരവ് സക്‌സേനയ്ക്ക് ബംഗ്ലാദേശ് വിസ നൽകാൻ വൈകിയതിനെത്തുടർന്ന് അദ്ദേഹത്തിന് ചർച്ചയിൽ ഓൺലൈനായി മാത്രമേ പങ്കെടുക്കാൻ സാധിച്ചുള്ളൂ. ടീമിനും ആരാധകർക്കും മാദ്ധ്യമപ്രവർത്തകർക്കും ഇന്ത്യയിൽ മതിയായ സുരക്ഷ ലഭിക്കില്ലെന്ന ബംഗ്ലാദേശ് സർക്കാരിന്റെ ആശങ്ക തങ്ങൾ ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നാണ് ബിസിബി വ്യക്തമാക്കുന്നത്.
ബംഗ്ലാദേശിന്റെ പുതിയനീക്കത്തിന് അയർലൻഡ് ക്രിക്കറ്റ് ബോർഡിന്റെ സമ്മതവും കൂടി ആവശ്യമുണ്ട്. എന്നാൽ അയർലൻഡ് ഈ നിർദ്ദേശത്തിന് അനുകൂലമല്ലെന്നാണ് റിപ്പോർട്ടുകൾ. നിശ്ചയിച്ച പോലെ ശ്രീലങ്കയിൽ തന്നെ തങ്ങൾ കളിക്കുമെന്നും ഷെഡ്യൂൾ മാറ്റില്ലെന്നുമാണ് അയർലൻഡ് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ബിസിസിഐയുടെ നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിനെത്തുടർന്നാണ് ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന കടുത്ത നിലപാടിലേക്ക് ബിസിബി നീങ്ങിയത്. വിഷയത്തിൽ അടുത്ത ആഴ്ചയോടെ ഐസിസി അന്തിമ തീരുമാനം എടുത്തേക്കും.