ഇനിയും താമസിപ്പിക്കേണ്ട; ഹെൽത്ത് ഇൻഷുറൻസെടുക്കുന്നവർ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം
ജീവിതത്തിൽ ഏതുസമയത്തുവേണമെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. മാരകമായ അസുഖം ബാധിക്കുകയോ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളോ പലരുടെയും സാമ്പത്തിക ഭദ്രത മുഴുവനായും തകർത്തേക്കാം. ഈ അവസരങ്ങളിലാണ് ഹെൽത്ത് ഇൻഷുറൻസിന്റെ ആവശ്യമുണ്ടാകുന്നത്. പൂർണ ആരോഗ്യവാൻമാരായിരിക്കുമ്പോൾ തന്നെ ഹെൽത്ത് ഇൻഷുറൻസിന്റെ ഭാഗമാകുന്നത് നല്ലതാണ്.
ഇത്തരത്തിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് നല്ലതാണ്. ഹെൽത്ത് ഇൻഷുറൻസുണ്ടെങ്കിൽ ആശുപത്രി ചെലവുകൾ എളുപ്പത്തിൽ കവർ ചെയ്യാനും സാധിക്കും. പ്രതിവർഷമായും മാസംതോറും പ്രീമിയം അടയ്ക്കുന്ന തരത്തിലും നിരധി ഹെൽത്ത് ഇൻഷുറൻസുകൾ ഉണ്ട്. ഒപി ചെലവുവരെ കവർ ചെയ്യാൻ സാധിക്കുന്നവയാണ് ഇത്തരം പോളിസികൾ. ഹെൽത്ത് ഇൻഷുറസെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. വ്യത്യസ്ത പോളിസികളുടെ പ്രീമിയങ്ങള്‍ താരതമ്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏറ്റവും കുറഞ്ഞ വിലയെ മാത്രം അടിസ്ഥാനമാക്കി പോളിസി തിരഞ്ഞെടുക്കരുത്. പണത്തിന് നല്ല മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രീമിയവുമായി ബന്ധപ്പെട്ട കവറേജും ആനുകൂല്യങ്ങളും പരിഗണിക്കണം.
2. പോളിസിയില്‍ ഉള്‍പ്പെടാത്തത് എന്താണെന്ന് മനസിലാക്കാന്‍ പോളിസി നന്നായി വായിച്ച് മനസിലാക്കുക. പോളിസിയില്‍ ഉള്‍പ്പെടാത്തത് മുന്‍കൂട്ടി അറിയുന്നത് ഒരു ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
3. ചില പോളിസികള്‍ക്ക് റൂം വാടക, നിര്‍ദ്ദിഷ്ട ചികിത്സകള്‍ അല്ലെങ്കില്‍ കോ-പേയ്മെന്റ് ക്ലോസുകള്‍ എന്നിവയില്‍ പരിധികളുണ്ടാകും. ഇന്‍ഷ്വര്‍ ചെയ്തയാള്‍ ചെലവിന്റെ ഒരു ഭാഗം വഹിക്കണം. അപ്രതീക്ഷിത ചെലവുകള്‍ ഒഴിവാക്കാന്‍ ഈ നിബന്ധനകള്‍ മനസിലാക്കുക.
4. മെറ്റേണിറ്റി കവറേജ്, ഗുരുതരമായ രോഗ റൈഡറുകള്‍ (ക്രിട്ടിക്കൽ ഇൽനെസ് റൈഡർ), ഗ്യാരണ്ടീഡ് ഡെയ്‌ലി ക്യാഷ് ബെനിഫിറ്റ്, വ്യക്തിഗത അപകട പരിരക്ഷ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങള്‍ പരിഗണിക്കുക.
5. കാഷ് ലെസ് ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന ആശുപത്രികളുടെ വിശാലമായ നെറ്റ് വര്‍ക്കുള്ള ഇന്‍ഷുറന്‍സ് കമ്പനികളെ തിരയുക. ഇത് അടിയന്തര ഘട്ടങ്ങളില്‍ സാമ്പത്തിക ഭാരം കുറയ്ക്കുകയും ക്ലെയിം പ്രക്രിയ ലളിതമാക്കുകയും ചെയ്യും.