കൗമാര കലാമേള കൊടിയിറങ്ങി; സമാപനസമ്മേളനം മാറ്റുകൂട്ടി മോഹൻലാൽ, പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്തു
തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശൻ നിർവഹിച്ചു. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗഡിൽ വൈകിട്ട് നാലുമണിയോടെ സമാപന സമ്മേളനം ആരംഭിച്ചു. നടൻ മോഹൻലാൽ മുഖ്യാതിഥിയായി എത്തിയത് സമാപനസമ്മേളനത്തിന്റെ മാറ്റുകൂട്ടി. മന്ത്രി അഡ്വ. കെ രാജനാണ് സമ്മേളനത്തിന്റെ അദ്ധ്യക്ഷപ്രസംഗം നടത്തിയത്. തേക്കിൻകാട് മൈതാനത്തിൽ രാവിലെമുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആരോഗ്യപ്രതിസന്ധി നേരിട്ട ഒരു മത്സരാർത്ഥിക്ക് ഓൺലൈനിലൂടെ പങ്കെടുക്കാൻ അവസരമൊരുക്കിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ വിഡി സതീശൻ അഭിനന്ദിച്ചു.
വടക്കുംനാഥനെ സ്മരിച്ചുകൊണ്ടാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിലാണ് ഖദർ ധരിച്ചതെന്നും കുട്ടികളെ സന്തോഷിപ്പിക്കാൻ മീശയും പിരിച്ചെന്നും മോഹൻലാൽ നർമ്മത്തോടെ കൂട്ടിച്ചേർത്തു. നടിമാരായ മഞ്ജു വാര്യർ, നവ്യാനായർ, ഗായകരായ കെ എസ് ചിത്ര, ജി വേണുഗോപാൽ എന്നിവർ കലോത്സവങ്ങളിലൂടെ ഉയർന്നുവന്ന താരങ്ങളാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിന്റ് നേടി കണ്ണൂർ ജില്ലയ്ക്കും ആലത്തൂരിലെ ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിനും മോഹൻലാൽ പ്രത്യേക അഭിനന്ദനങ്ങളും നേർന്നു.
ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കിരീടം സ്വന്തമാക്കിയത് കണ്ണൂരാണ്. നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞവർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കപ്പ് തിരിച്ചുപിടിച്ചിരിക്കുകയാണ് കണ്ണൂർ. തുടക്കം മുതൽ തന്നെ മത്സരങ്ങളിൽ ലീഡ് പുലർത്തിയ കണ്ണൂർ കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി നടന്ന മത്സരങ്ങളുടെ ഫലങ്ങളും അപ്പീൽ ഫലങ്ങളും പുറത്തു വന്നതോടെയാണ് കണ്ണൂർ സ്വർണം കിരീടം നേടിയതായി ഉറപ്പിച്ചത്.
1028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1017 പോയിന്റുകൾ നേടി. 1013 പോയിന്റുകളുമായി പാലക്കാടാണ് നാലാം സ്ഥാനം നേടിയത്. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർസെക്കന്ററി സ്‌കൂൾ ഒന്നാമതെത്തി.