റാമിന്റെ മല്ലി

Sunday 18 January 2026 4:37 PM IST

തൃശൂർ: അവളായി വേഷമിട്ട് അവൻ നേടിയത് പത്തരമാറ്റ് തിളക്കമുള്ളൊരു എ ഗ്രേഡ്. ഹയർ സെക്കഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിന് ആലപ്പുഴ തിരുവമ്പാടി എച്ച്.എസ്.എസിലെ ജി.ബി. ഭുവൻ ശ്രീഹരിയെത്തിയത് റാം കെയർ ഒഫ് ആനന്ദിയെന്ന പുസ്തകത്തിലെ മല്ലി എന്ന ട്രാൻസ് വുമൺ കഥാപാത്രമായി. മല്ലിയുടെ ജീവിതവ്യഥകളും പോരാട്ടവുമെല്ലാം വരച്ചുകാട്ടാനായി. 13 വർഷമായി നൃത്തം അഭ്യസിക്കുന്ന ഭുവന് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇത്തവണ എ ഗ്രേഡുണ്ട്. ബിസിനസുകാരനായ അച്ഛൻ ബൈജുവും അമ്മ രേവതിയും അനിയത്തി തേജസ്വിനിയുമെല്ലാം കൂടെയുണ്ട്. മഹേഷ് പിള്ളയും വൃന്ദ മഹേഷുമാണ് ശാസ്ത്രീയ നൃത്തത്തിലെ ഗുരുക്കന്മാർ. നാടോടിനൃത്തം പരിശീലിപ്പിച്ചത് സോനു മാസ്റ്ററും.