പൊൻകപ്പ് കണ്ണൂർസ്ക്വാഡിന്
തൃശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തൃശൂരിൽ നിന്ന് തിരിച്ചുപിടിച്ച് കണ്ണൂർ. ഫോട്ടോ ഫിനിഷിംഗിനൊടുവിൽ 1,028 പോയിന്റുമായാണ് ചാമ്പ്യന്മാരായത്. കഴിഞ്ഞ വർഷത്തെ വിജയികളും ആതിഥേയരുമായ തൃശൂർ 1,023 പോയിന്റുമായി രണ്ടാമതെത്തി. ഓരോ ദിനവും ഒരുപോലെ മുന്നേറിക്കൊണ്ടിരുന്നെങ്കിലും അവസാനനിമിഷമാണ് അഞ്ച് പോയിന്റിന് കണ്ണൂർ കപ്പെടുത്തത്. 1,017 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ നഷ്ടപ്പെടുത്തിയ കപ്പാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. 1997, 1998 വർഷങ്ങളിൽ തുടർച്ചയായി കപ്പ് നേടിയ കണ്ണൂർ 2000ൽ പാലക്കാടുമായി ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. തുടർന്നുള്ള ദീർഘമായ 23 വർഷക്കാലം കിരീടം കൈവിട്ടുപോയി. 2024ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് വീണ്ടും കണ്ണൂർ സ്വർണക്കപ്പ് നേടിയത്.
മാറിമറിഞ്ഞ പോരാട്ടം
249 മത്സരയിനങ്ങളിലായി 949 മത്സരാർത്ഥികളുമായാണ് കണ്ണൂരെത്തിയത്. ജില്ലയിലെ 90 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എല്ലാ മത്സരയിനങ്ങളിലും കണ്ണൂരിന്റെ സാന്നിദ്ധ്യം ഉറപ്പാക്കി. സമാപനദിനത്തിൽ ബാക്കിയുണ്ടായിരുന്നത് പത്ത് മത്സരങ്ങൾ. കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പിരിമുറുക്കത്തിനിടയിൽ ഇരട്ടി ടെൻഷനോടെയാണ് കണ്ണൂരിലെ വഞ്ചിപ്പാട്ട് ടീം മത്സരവേദിയിലെത്തിയത്. അവസാനമായി വിധിയറിഞ്ഞ വഞ്ചിപ്പാട്ട് മത്സരത്തിൽ ടീമിന് എ ഗ്രേഡ് ലഭിച്ചതോടെയാണ് കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവൻ പൊൻകപ്പ് കണ്ണൂരിന്റേതായത്.