ഇത് പിറന്നാൾ സമ്മാനം
തൃശൂർ: ഏഴ് വർഷം മുൻപൊരു പിറന്നാൾ പുലരിയിൽ അച്ഛൻ നൽകിയ വയലിനുമായാണ് ജ്യോത്സ്‌ന എസ്.പൈ കലോത്സവത്തിനെത്തിയത്. ഖരഹരപ്രിയ രാഗത്തിൽ 'സമാന മെവരു' ആ തന്ത്രികളിൽ നിന്നും ഒഴുകിയപ്പോൾ എ ഗ്രേഡിന്റെ അതിമധുരമായി. തിരുവനന്തപുരം വഴുതക്കാട് കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് ജ്യോത്സ്‌ന. ചേച്ചി ഭാവന കൃഷ്ണ സ്‌കൂൾ കലോത്സവങ്ങളിലും യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും നിരവധി തവണ വയലിനിൽ സമ്മാനം നേടി.
ചേച്ചിയുടെ വയലിൻ വേണമെന്ന് ജ്യോത്സ്‌ന തീരെ ചെറുപ്പത്തിലേ നിർബന്ധം കൂട്ടുമായിരുന്നു. അങ്ങനെയിരിക്കെയാണ് അച്ഛൻ സുനിൽ പൈ പിറന്നാൾ സമ്മാനമായി വയലിൻ ജ്യോത്സ്‌നയ്ക്ക് സമ്മാനിച്ചത്. വിദേശത്ത് നിന്നും വരുത്തിയതാണ് വയലിൻ. അത് അവളുടെ ജീവനായി, അച്ഛന്റെ ശിക്ഷണത്തിൽ കൂടുതൽ പഠിച്ചു. ഐ.എസ്.ആർ.ഒയിലെ സയന്റിസ്റ്റായ സുനിൽ പൈ വയലിനിസ്റ്റാണ്. ഭാര്യ ശ്രീജയാണ് വലിയ പ്രോത്സാഹനം.