നിയമം ലംഘിച്ചാല്‍ അകത്താകും, നടപടി കടുപ്പിച്ച് ഗള്‍ഫ് രാജ്യം; പതിനായിരക്കണക്കിന് പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: ജോലി, താമസം, അതിർത്തി സുരക്ഷാ നിയമങ്ങൾ എന്നിവ ലംഘിക്കുന്നവരെ കണ്ടെത്താനായി സൗദി അറേബ്യയിൽ പരിശോധന. ജനുവരി എട്ട് മുതൽ 14 വരെുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ 18,054 പേർ നിയമലംഘനത്തിന് പിടിയിലായി. ഇതിൽ 11,343 പേർ താമസ നിയമ നിയമലംഘനത്തിനും 3,858 പേർ അതിർത്തി സുരക്ഷാ നിയമലംഘനത്തിനും 2,853 പേർ തൊഴിൽ നിയമലംഘനത്തിനും 1,491 പേർ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിനുമാണ് പിടിയിലായത്.
നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാ സൗകര്യമോ ഒരുക്കി നൽകിയ 23 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിലവിൽ പിടിയിലായവർക്ക് എതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 14,621 പേരെ ഇതിനകം തന്നെ നാടുകടത്തി. യാത്രാരേഖകൾ ഇല്ലാത്തവർ ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ സഹകരിച്ച് രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
നിയമലംഘകർക്ക് ഗതാഗത, താമസ സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടും. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 911 എല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും അധികൃതരെ അറിയിക്കേണ്ടതാണെന്ന് സർക്കാർ അറിയിച്ചു.