ജീവിതതാളം തെറ്റിച്ച് കനാൽ വെള്ളം, കറുത്തേടത്തുപടിക്കാർ ദുരിതത്തിൽ

Monday 19 January 2026 1:42 AM IST

കോലഞ്ചേരി: നാടാകെ പെരിയാർ വാലി കനാലിൽ വെള്ളമെത്താൻ കാത്തിരിക്കുമ്പോൾ ഐക്കരനാട് പഞ്ചായത്തിലെ തെങ്ങനാൽ കറുത്തേടത്തുപടി നിവാസികൾക്ക് കനാൽ നിറയുമ്പോൾ ചങ്കിടിപ്പാണ്. കനാൽ ഭിത്തിവഴി ഒലിച്ചെത്തുന്ന വെള്ളം ഇവരുടെ ദൈനം ദിന ജീവിതത്തിൽ ദുരിതം മാത്രമാണ് നൽകുന്നത്. കിണറുകളിൽ അഴുക്ക് വെള്ളം നിറയുക, സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞു കവിഞ്ഞ് ഉപയോഗിക്കാൻ കഴിയാതെ വരിക. കിടപ്പുമുറിയിലും അടുക്കളയിലും വരെ വെള്ളം നിറയുക, മുറ്റം വെള്ളം പൊങ്ങി ചെളി നിറഞ്ഞ് വീ‌ടിനകത്തേയ്ക്ക് കയറാൻ കഴിയാതെ വരിക തുടങ്ങി കനാൽ വെള്ളം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയാണ്. കനാൽ ബണ്ടിന് താഴെ താമസിക്കുന്ന പതിനഞ്ചിലധികം കുടുംബങ്ങൾക്കാണ് ഈ ദുരിതം. ചിലപ്പോൾ അപ്രതീക്ഷിതമായി രാത്രി കാലത്താകും കനാലിൽ വെള്ളമെത്തുന്നത്. ഇതറിയാതെ കിടന്നുറങ്ങുമ്പോൾ കിടപ്പുമുറിയിൽ വരെ വെള്ളമെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുട്ടികളുമായി ഉണർന്നിരുന്ന് നേരം വെളുപ്പിക്കൽ മാത്രമാണ് രക്ഷ. കനാൽ വെള്ളത്തിന്റെ ഒഴുക്കിന്റെ വർദ്ധനവനുസരിച്ച് ഇവരുടെ വീടുകളിലും വെള്ളം നിറയും. ഇതോടെ ഉറക്കം മാത്രമല്ല ജീവിതം തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ സമീപത്തെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടു തേടി പോകലാണ് ഏക വഴി.

കിണർ നിറഞ്ഞ് സെപ്റ്റിക് ടാങ്കിലെ വെള്ളം കൂടി കലരുന്നതോടെ കുടിവെള്ളവും മുട്ടും. ഭക്ഷണം പാകം ചെയ്യാൻ കിലോമീറ്ററുകൾക്കപ്പുറം നിന്ന് വെള്ളമെത്തിക്കേണ്ടി വരുമ്പോൾ കൂലിപണിയെടുത്ത ജീവിക്കുന്ന ഇവിടുത്തുകാരുടെ ജീവിതം താറുമാറാകും. കുട്ടികളെ സമയത്തിന് സ്കൂളിലയക്കാൻ കഴിയാതെ വരുന്നു. വീട്ടുകാർ പലയിടങ്ങളിലായി മാറിതാമസിച്ചാണ് ജീവിതം തള്ളി നീക്കുന്നത്.

ഇവർ പരാതിയുമായി മുട്ടാത്ത വാതിലുകളില്ല. നടപടി ഫയലിൽ ഉറങ്ങുമ്പോൾ മുന്നോട്ടുള്ള ജീവിതം എങ്ങിനെയെന്നതാണ് ഇവർക്കു മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. പെരിയാർ വാലി അധികൃതരടക്കം ഇവരുടെ പരാതിക്ക് പുല്ലുവില കല്പിക്കുന്നില്ല.

കറുത്തേടത്തുപടിക്കാരുടെ ദുരിതമറിഞ്ഞ് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. യു.ഡി.എഫ്. ചെയർമാൻ സി.പി. ജോയ്, മണ്ഡലം പ്രസിഡന്റ് വി.എം. ജോർജ്, ബേബി എൻ. വർഗീസ്, കെ.കെ. ബാബു, തോമസ് എൻ. ഔസഫ്, ടി.കെ. യോഹനാൻ, എൽദോസ് ജേക്കബ് എന്നിവരുമുണ്ടായിരുന്നു.

പെരിയാർവാലി ഹൈ ലെവൽ കനാലിന്റെ ഐക്കരനാട് പഞ്ചായത്തിലെ തെങ്ങനാൽ പീടിക കറുത്തേടത്തുപടി ഭാഗത്ത് കനാലിന് സമീപം താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളിൽ വെള്ളം കയറുന്ന പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം

വി.എം. ജോർജ്,

(കോൺഗ്രസ്)