ഈ അനുമതിക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല; വിവരം പങ്കുവച്ച് കേരള പൊലീസ്
തിരുവനന്തപുരം: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നല്‍കാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകേണ്ടതില്ല. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ 'പോല്‍ ആപ്പ് ' വഴിയോ 'തുണ' വെബ്‌സൈറ്റ് വഴിയോ നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇതിനായി ആദ്യം പോല്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടര്‍ന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുക. അപേക്ഷകന്റെ വിവരങ്ങള്‍, മൈക്ക് ഓപ്പറേറ്ററുടെ ലൈസന്‍സ്, വാഹനത്തിനാണെങ്കില്‍ റൂട്ട്, വാഹനത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവ അപ്ലോഡ് ചെയ്യുക.. ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കാവുന്നതാണ്.
തുണ വെബ്‌സൈറ്റ് വഴി ആണെങ്കിലും മേല്‍ പറഞ്ഞിരിക്കുന്ന രീതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അപേക്ഷ സമര്‍പ്പിക്കാം. സാധാരണ മൈക്ക് സാങ്ഷന്‍ അപേക്ഷകള്‍ അപേക്ഷിച്ച സ്ഥലത്തെ അസി. കമ്മിഷണര്‍ അഥവാ ഡിവൈ.എസ്.പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെ നിന്നുള്ള തുടര്‍ അന്വേഷണങ്ങള്‍ക്ക് ശേഷം അനുമതി ലഭിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഡൌണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.