അയ്യന്റെ  സ്വർണം  കട്ടെന്ന്  വി.എസ്.എസ്.സി  റിപ്പോർട്ട്, ഇന്ന്  ഹൈക്കോടതിയിൽ  സമർപ്പിക്കും

Monday 19 January 2026 3:37 AM IST

#തൂക്കവും മേൻമയും കുറഞ്ഞു # പ്രതികൾ ഊരാക്കുരുക്കിൽ

തിരുവനന്തപുരം : വി.എസ്.എസ്.സിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ശബരിമലയിൽ നടന്ന സ്വർണക്കൊള്ള സ്ഥിരീകരിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റി സ്വ‌‌ർണംപൂശിക്കൊണ്ടുവന്ന കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണത്തിന്റെ അളവ് കാര്യമായി കുറഞ്ഞു. എസ്.ഐ.ടിയുടെ പക്കലുള്ള റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കോടതി നിലപാട് നിർണായകം. അന്വേഷണം വിപുലീകരിക്കാൻ സാദ്ധ്യത.

സ്വിറ്റ്സർലന്റിൽ നിന്ന് ഇറക്കുമതി ചെയ്ത ശുദ്ധമായ സ്വർണമാണ് വിജയ് മല്യയുടെ പാളികളിൽ ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി, തിരിച്ചുകൊണ്ടുവന്ന പാളികളിലുള്ളത് മേൻമ കുറഞ്ഞ സ്വർണവും. തൂക്കത്തിൽ കാര്യമായ കുറവുണ്ട്. 15 സാമ്പിളുകളാണ് പരിശോധിച്ചത്.

1998ൽ വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ് മാറ്റംകൂടാതെ നിലനിറുത്തിയിരിക്കുന്ന മറ്റു പാളികളും, പോറ്റി സ്വർണം പൂശി തിരികെയെത്തിച്ച പാളികളും തമ്മിൽ താരതമ്യ പഠനം നടത്തിയാണ് വി.എസ്.എസ്.സി റിപ്പോർട്ട് തയ്യാറാക്കിയത്.

പഴയ സ്വർണപ്പാളികൾ ഇളക്കി മാറ്റാതെ അവയുടെ ഘടനയും ഭാരവും കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു പരിശോധന. വെള്ളിയാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ മുദ്രവച്ച കവറിൽ വി.എസ്.എസ്.സി സമർപ്പിച്ച പരിശോധനാ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോർട്ട് വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തൽ അടക്കമുള്ള റിപ്പോർട്ടാണ് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിക്കുക. എസ്.ഐ.ടി തലവൻ എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിച്ചേക്കും.

പാളികൾ വ്യാജമോ?

അയ്യപ്പൻെറ സന്നിധിയിലെ അമൂല്യവസ്തുവായ പാളികൾ ഉണ്ണികൃഷ്ണൻപോറ്റി കൊണ്ടുപോയി അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റെന്ന സംശയം ബലപ്പെട്ടു .

നിർമ്മാതാക്കളുടെ സഹായത്തോടെ പുതിയ അച്ചുണ്ടാക്കി പഴയതിന് സമാനമായ പാളികൾ നിർമ്മിച്ചെടുത്ത് അതിൽ സ്വർണം പൂശി തിരിച്ചെത്തിച്ചെത്തിച്ചതാകാമെന്ന് കരുതുന്നു.

സ്വർണത്തെക്കാൾ പതിൻമടങ്ങ് വിലയാണ് പുരാവസ്തുക്കൾക്ക് അന്താരാഷ്ട്രവിപണിയിലുള്ളത്. ഇക്കാര്യം വി.എസ്.എസ്.സി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെങ്കിൽ കൊള്ളയുടെ വ്യാപ്തിയും വലുതാകും.