കൊഹ്ലിയുടെ പോരാട്ടം പാഴായി; ഇന്‍ഡോറില്‍ ഇന്ത്യക്ക് തോല്‍വി, ഏകദിന പരമ്പര ന്യൂസിലാന്‍ഡിന്

Sunday 18 January 2026 9:41 PM IST

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ന്യൂസിലാന്‍ഡ്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 41 റണ്‍സിനാണ് കിവീസിന്റെ വിജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ കിവീസ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തി 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 46 ഓവറില്‍ 296 റണ്‍സിന് അവസാനിച്ചു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിലും മുന്‍ നായകന്‍ രോഹിത് ശര്‍മ്മ തിളങ്ങിയില്ല. 11(13) റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ഗില്‍ 23(18) റണ്‍സ് മാത്രം നേടി പുറത്തായി. ശ്രേയസ് അയ്യര്‍ 3(10), കെഎല്‍ രാഹുല്‍ 1(6) എന്നിവര്‍ നിരാശപ്പെടുത്തി. ഒരു വശത്ത് മിന്നും ഫോം തുടര്‍ന്ന വിരാട് കൊഹ്ലി ഏകദിന കരിയറിലെ തന്റെ 54ാം സെഞ്ച്വറി പൂര്‍ത്തിയാക്കി. 71ന് നാല് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയും വന്‍ തോല്‍വിയും തുറിച്ച് നോക്കിയ നിലയില്‍ നിന്ന് നിധീഷ് കുമാര്‍ റെഡ്ഡി 53(57), ഹര്‍ഷിത് റാണ 52(43) എന്നിവരെ കൂട്ടുപിടിച്ച് കൊഹ്ലി ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി.

രവീന്ദ്ര ജഡേജ 12(16) റണ്‍സ് മാത്രം നേടി പുറത്തായി. 46ാം ഓവറില്‍ വിരാട് കൊഹ്ലി 124(108) പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. മുഹമ്മദ് സിറാജ് 0(1), കുല്‍ദീപ് യാദവ് 5(3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അര്‍ഷ്ദീപ് സിംഗ് 4*(2) പുറത്താകാതെ നിന്നു. കിവീസിന് വേണ്ടി സാക്കറി ഫോക്‌സ് ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജെയ്ഡന്‍ ലെനോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ് ഒരു വിക്കറ്റ് ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. സെഞ്ച്വറികളുമായി കളം നിറഞ്ഞ ഡാരില്‍ മിച്ചല്‍ 137(131), ഗ്ലെന്‍ ഫിലിപ്‌സ് 106*(88) എന്നിവരാണ് കിവീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വില്‍ യംഗ് 30(41), ക്യാപ്റ്റന്‍ മൈക്കള്‍ ബ്രേസ്‌വെല്‍ 28*(18) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.