തൃശൂരിൽ കണ്ണൂരിന്റെ പൂരം

Monday 19 January 2026 3:40 AM IST

തൃശൂർ: കൗമാരകലയുടെ വർണവിസ്മയം വിടർന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പുയർത്തി കണ്ണൂർ. നിലവിലെ ചാമ്പ്യന്മാരായിരുന്ന തൃശൂരിനെ അവരുടെ തിരുമുറ്റത്ത് അഞ്ചുപോയിന്റ് വ്യത്യാസത്തിൽ കൊമ്പുകുത്തിച്ചാണ് കണ്ണൂരിന്റെ കൗമാരം കരുത്തറിയിച്ചത്.

നാൾ നീണ്ട മാമാങ്കത്തിനൊടുവിൽ 1028 പോയിന്റാണ് കണ്ണൂർ സ്വന്തമാക്കിയത്. തൃശൂരിന് 1023 പോയിന്റ് ലഭിച്ചു. 1017 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 117.5 പവന്റെ സ്വർണ്ണക്കപ്പ് നടൻ മോഹൻലാലും മന്ത്രി വി.ശിവൻകുട്ടിയും ചേർന്നാണ് സമ്മാനിച്ചത്.

ഹയർസെക്കൻഡറി വിഭാഗത്തിൽ പാലക്കാടാണ് (539) മുന്നിൽ. കോഴിക്കോട് (538) രണ്ടാമതെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂർ (494), തൃശൂർ (489) ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.

സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം

സ്‌കൂളുകളിൽ 238 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് പതിമൂന്നാം തവണയും ഒന്നാമതെത്തി. രണ്ടാം സ്ഥാനം പത്തനംതിട്ട കിടങ്ങന്നൂർ വി.ജി വി.എച്ച്.എസും (157) മൂന്നാം സ്ഥാനം മാനന്തവാടി എം.ജി.എം എച്ച്.എസ്.എസും (136) നേടി. അറബിക്കലോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് ഈരാറ്റുപേട്ട മുസ്ളിം ഗേൾസ് എച്ച്.എസ്.എസിനാണ്. സംസ്കൃതോത്സവം ഓവറാൾ ചാമ്പ്യൻഷിപ്പ് ഇടുക്കി നാരിയംപാറ എം.എം.എച്ച്.എസ്.എസിനാണ്.

4

കണ്ണൂരിന്റെ നാലാം കിരീടം. 1997, 1998 വർഷങ്ങളിൽ തുടർച്ചയായി കപ്പ് നേടിയ കണ്ണൂർ 2000ൽ എറണാകുളവുമായി ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. പിന്നീട് കിരീടമെത്തുന്നത് 23 വർഷങ്ങൾക്ക് ശേഷം.