കപ്പിത്താൻ പിണറായി തന്നെ: ബേബി

Monday 19 January 2026 3:44 AM IST

മുഖ്യമന്ത്രിയെ മുൻകൂട്ടി തീരുമാനിക്കുന്ന പതിവില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിണറായി വിജയൻ നയിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനിക്കും. കേരളത്തിൽ സി.പി.എമ്മിന് മൃദു ഹിന്ദുത്വമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സി.പി.എമ്മിനില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എൽ.ഡി.എഫ് ഒരുമിച്ച് നയിക്കും. അതിൽ ബിനോയ് വിശ്വവും ജോസ് കെ.മാണിയുമടക്കമുണ്ടാകും. നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും.കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചിട്ടില്ല.

മുന്നണിയിലില്ലാത്ത സി.പി.ഐ -എം.എല്ലുമായി ധാരണയായി. ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി നീക്കുപോക്കുകളാകാമെന്നത് പാർട്ടി കോൺഗ്രസ് തീരുമാനമാണ്. ജാതിയും ഉപജാതിയും വച്ചാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക . വി.ഡി.സതീശൻ ഗോൾവാക്കറിന്റെ മുന്നിൽ വിളക്ക് കൊളുത്തി തൊഴുത് നിന്നിട്ടുണ്ട്. ഇത് സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ ആലോചിക്കാൻ പറ്റാത്ത കാര്യമാണ്. എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവും എന്തിനാണ് യോജിക്കുന്നതെന്ന് നോക്കട്ടെ. എന്നിട്ട് അഭിപ്രായം പറയാം..

കേരളത്തെ അതിദാരിദ്യമുക്തമാക്കിയ കേരള സർക്കാരിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. കേന്ദ്ര സാമ്പത്തിക ഉപരോധത്തിന് ഇടയിലാണ് ഈ നേട്ടം കൈവരിച്ചത്. സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ നേട്ടമാണിത്.ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തും. ചരിത്രപരമായ മൂന്നാം ഊഴത്തിലേക്കാണ് ഇടതു സർക്കാർ കടക്കുന്നത്. കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒത്തു കളിക്കുന്നതിന് നേമവും തൃശൂരും തെളിവാണെന്നും ബേബി പറഞ്ഞു.