ബസിലെ വീഡിയോ ദൃശ്യം: യുവാവ്  ജീവനൊടുക്കി

Monday 19 January 2026 4:46 AM IST

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ സ്പർശിച്ചെന്നാരോപിച്ച് യുവതി സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി.ഗോവിന്ദപുരം,കൊളങ്ങരകണ്ടി,ഉള്ളാട്ട്തൊടി യു.ദീപക്കാണ് (42) ആത്മഹത്യ ചെയ്തത്. യുവതിയെടുത്ത വീഡിയോ സാമൂഹമാദ്ധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 20 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വസ്ത്രവ്യാപാരശാലയിലെ സെയിൽസ്മാനായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് ബസിൽ പോകവെയാണ് സംഭവം.

ശനിയാഴ്ച വൈകിട്ട് വീട്ടിലെ മുറിയിൽ കയറിയ ദീപക്കിനെ ഇന്നലെ രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

​വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാദ്ധ്യമത്തിൽ നടത്തിയതെന്നും ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. യുവതിക്കെതിരെ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ദീപകിന്റെ അച്ഛൻ ചോയി. അമ്മ: കന്യക.

യുവതിയുടെ പരാതി

ലഭിച്ചില്ലെന്ന് പൊലീസ്

സംഭവത്തെക്കുറിച്ച് വടകര പൊലീസിൽ അറിയിച്ചിരുന്നുവെന്ന് യുവതി പറഞ്ഞെങ്കിലും അങ്ങനൊരു പരാതി ലഭിച്ചില്ലെന്ന് വടകര പൊലീസ് അറിയിച്ചു. അപകീർത്തികരമായ ദൃശ്യം പങ്കുവച്ച യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി.